വീണയുടെ തുടർ ചോദ്യം ചെയ്യലിൽ പ്രതിസന്ധി; SFIO കോടതിയിൽ സമർപ്പിച്ച രേഖകൾ ഇഡിക്ക് ലഭിച്ചില്ല

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ ഇഡി അന്വേഷണത്തിൽ വീണയുടെ തുടർ ചോദ്യം ചെയ്യലിൽ പ്രതിസന്ധി. എസ്എഫ്ഐഒ കോടതിയിൽ സമർപ്പിച്ച രേഖകൾ ഇനിയും ഇഡിക്ക് ലഭിച്ചിട്ടില്ല.134 രേഖകളാണ് എസ്എഫ്ഐഒയിൽ നിന്ന് ലഭിക്കേണ്ടത്. ഈ രേഖകൾ ലഭിച്ച ശേഷം മാത്രമേ വീണയെ വീണ്ടും വിളിപ്പിക്കുന്നതിൽ തീരുമാനമെടുക്കുകയുള്ളൂ. എസ്എഫ്ഐഒയുടെ മെല്ലപ്പോക്കാണ് നിലവിൽ ഇഡിക്ക് തടസമായിരിക്കുന്നത്. ഈ രേഖകൾ ലഭിച്ചെങ്കിൽ മാത്രമേ തുടർനടപടികളിലേക്ക് കടക്കാൻ കഴിയൂ. വേ​ഗത്തിൽ അന്വഷണം നടക്കാൻ ശ്രമിക്കുന്ന ഇഡിക്ക് മുമ്പിലാണ് നിലവിൽ ഈ പ്രതിസന്ധി.

പത്ത് ദിവസത്തിനകം ഈ രേഖകൾ സമർപ്പിക്കണമായിരുന്നു. അവസാന തീയതി വ്യാഴാഴ്ചയായിരുന്നു നൽകിയിരുന്നത്. എന്നാൽ വീണ്ടും തീയതി നീട്ടിനൽകുകയായിരുന്നു. നിലവിൽ എപ്പോൾ സമർപ്പിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. വീണയും സിഎംആർഎല്ലും തമ്മിലുള്ള കരാർ, വീണയുടെ ആദനികുതി റിട്ടേണുകളടക്കമുള്ള 134 സുപ്രധാന രേഖകളാണ് പിഎംഎൽഎ കോടതി വഴി ഇഡിക്ക് ലഭിക്കുക. ഈ രേഖകൾ ലഭിക്കുന്നതോടെയാണ് അന്വേഷണത്തിൽ പ്രതിപ്പട്ടികയിലുള്ള വീണയെ ഉൾപ്പെടെ വീണ്ടും ചോദ്യം ചെയ്യുന്നതിലേക്കും തുടർനടപടികളിലേക്കും കടക്കാൻ ഇഡിക്ക് സാധിക്കുക.

അതേസമയം, സാമ്പത്തിക ഇടപാടുകളെക്കുറിച്ചറിയാൻ വീണയുടെ ബാങ്ക് ലോക്കറിൽ പരിശോധന നടത്തിയിരുന്നു. തിരുവനന്തപുരം എംജി റോഡിലെ എച്ച്ഡിഎഫ്സി ബാങ്കിലാണ് പരിശോധന നടത്തിയത്. കേസിൽ വീണയെ കൂടുതൽ ചോദ്യം ചെയ്യലിനായി ഇഡി വീണ്ടും വിളിപ്പിച്ചേക്കും. വീണയുടെ മറുപടി വിശദമായി പരിശോധിച്ച ശേഷമായിരിക്കും തീരുമാനം. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയും, ടി. വീണയുടെ ഉടമസ്ഥതയിലുള്ള ‘എക്സാലോജിക് സൊല്യൂഷൻസ്’ എന്ന ഐടി കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടതാണ് ഈ കേസ്.

എക്സാലോജിക് നൽകിയ ഐടി സേവനങ്ങൾക്കുള്ള പ്രതിഫലമെന്ന നിലയിൽ 2017 മുതൽ 2020 വരെയുള്ള കാലയളവിൽ സിഎംആർഎൽ 1.72 കോടി രൂപ നൽകിയെന്നും, എന്നാൽ കമ്പനിക്ക് അത്തരം സേവനങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നുമുള്ള ആദായനികുതി തർക്ക പരിഹാര ബോർഡിന്റെ കണ്ടെത്തലാണ് അന്വേഷണങ്ങൾക്ക് ആധാരമായത്. തുടർന്ന് കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് ഈ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും കേസ് രജിസ്റ്റർ ചെയ്തത്. യാതൊരു സേവനവും നൽകാതെ കൈപ്പറ്റിയ തുക അനധികൃത സാമ്പത്തിക ഇടപാടാണോ എന്നും, ഇതിൽ കള്ളപ്പണ വെളുപ്പിക്കൽ നടന്നിട്ടുണ്ടോ എന്നുമാണ് കേന്ദ്ര ഏജൻസികൾ പ്രധാനമായും അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *