കെ.ബി ഗണേഷ്‌കുമാറിനെ NSS ഡയറക്ടർ ബോർഡ് സ്ഥാനത്ത് നിന്നും ഒഴിവാക്കി

തിരുവനന്തപുരം: മുൻ മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെ എൻഎസ്എസ് ഡയറക്ടർ ബോർഡ് സ്ഥാനത്ത് നിന്നും ഒഴിവാക്കി. പകരം ബി.ആർ. കെ ബാബുവിനെ ഉൾപ്പെടുത്തി. ഒമ്പതംഗ ഡയറക്ടർ ബോർഡിൽ നിന്നാണ് ഗണേഷ് കുമാറിനെ ഒഴിവാക്കിയത്. ഗണേഷ്‌കുമാറിന്റെ അംഗത്വം പുതുക്കി നൽകിയില്ല. മറ്റ് എട്ട് പേരുടെയുെം അംഗത്വം പുതുക്കി നൽകിയതായാണ് വിവരം. പത്തനാപുരത്തെ തർക്കത്തെ തുടർന്നാണ് അംഗത്വം പുതുക്കാതിരുന്നത്. 9 പേരുടെ അംഗത്വം ആയിരുന്നു പുതുക്കേണ്ടിയിരുന്നത്.

പത്തനാപുരം താലൂക്ക് യൂണിയന്റെ പിന്തുണ ലഭിക്കാത്തതാണ് ഗണേഷ് കുമാറിന്റെ അംഗത്വം പുതുക്കാതിരിക്കാൻ പ്രധാന കാരണമായതെന്നാണ് വിവരം. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ താലൂക്ക് യൂണിയനുമായി അദ്ദേഹത്തിന് അഭിപ്രായവ്യത്യാസങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടായിരുന്നു. ‘പത്മ കഫെ’ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയനിൽ വലിയ വിവാദത്തിന് കാരണമായിരുന്നു. പത്മ കഫെ നിർമാണത്തിനായി നാല് കോടി രൂപ ചെലവഴിച്ചതിൽ അഴിമതി ആരോപണം ഉയർന്നതാണ് വിവാദമായത്.

അഴിമതിയാരോപണങ്ങളിൽ പ്രതിഷേധിച്ച് 19 അംഗ ഭരണസമിതിയിലെ 11 പേർ ഒരുമിച്ച് രാജിവെച്ചിരുന്നു. ഭൂരിപക്ഷം അംഗങ്ങളും രാജിവെച്ചതോടെ പത്തനാപുരം താലൂക്ക് യൂണിയൻ എൻഎസ്എസ് സംസ്ഥാന നേതൃത്വം പിരിച്ചുവിടുകയും ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഗണേഷ്‌കുമാർ പത്തനാപുരത്ത് പരാജയപ്പെടാൻ കാരണം പത്മ കഫെ വിവാദമാണെന്ന രീതിയിൽ റിപ്പോർട്ടുകളും വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *