വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റിന് വമ്പൻ സമ്മാനം നൽകി ഖത്തർ. ഭാവിയിൽ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർ ഫോഴ്സ് വൺ ആയി ഉപയോഗിക്കാൻ 3700 കോടി രൂപ വിലവരുന്ന പുതിയ ബോയിംഗ് 747-8 വിമാനമാണ് ഖത്തർ ട്രംപിന് സമ്മാനിച്ചത്. പുത്തൻ വിമാനം ട്രംപ് വെള്ളിയാഴ്ച ഔദ്യോഗികമായി പുറത്തിറക്കി. വാഷിംഗ്ടണിന് പുറത്തുള്ള സൈനിക താവളമായ ജോയിന്റ് ബേസ് ആൻഡ്രൂസിലെ ഒരു കൂറ്റൻ ഹാങ്ങറിൽ നടന്ന ചടങ്ങിലാണ് ട്രംപ് ഈ വിമാനം പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചത്. പതിറ്റാണ്ടുകളായി പ്രസിഡന്റിന്റെ വിമാനത്താവളമായി പ്രവർത്തിക്കുന്ന ഈ താവളത്തിൽ എത്തിയ ട്രംപ്, വിമാനത്തിൽ നിന്ന് താഴേക്ക് ഇറങ്ങി എയർഫോഴ്സ് ഉദ്യോഗസ്ഥരെ അഭിവാദ്യം ചെയ്യുകയും സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു. നിലവിലുള്ള വിമാനത്തേക്കാൾ വളരെ വലുതായതിനാൽ ഈ പുതിയ ജെറ്റ് വിമാനം സൂക്ഷിക്കുന്നതിനായി പ്രത്യേകമായി ഒരു ഹാങ്ങർ തന്നെ നിർമ്മിക്കേണ്ടി വന്നതായും ട്രംപ് കൂട്ടിച്ചേർത്തു.
അമേരിക്കയുടെ 250-ാം ജന്മദിനമായ വരാനിരിക്കുന്ന ജൂലൈ 4-ന് വാഷിംഗ്ടണിൽ നടക്കുന്ന വൻകിട ഫ്ലൈഓവറിന് ഈ പുതിയ വിമാനമായിരിക്കും നേതൃത്വം നൽകുകയെന്നും പ്രസിഡന്റ് പ്രഖ്യാപിച്ചു. ചുവപ്പ്, വെള്ള, നീല എന്നീ നിറങ്ങൾ നൽകി, ആവശ്യമായ സർക്കാർ പരിഷ്കാരങ്ങൾ പൂർത്തിയാക്കിയ വിമാനം രാജ്യത്തിന്റെ പരമാധികാരിക്ക് സുരക്ഷിതവും അത്യാധുനികവുമായ യാത്രാ സൗകര്യം ഉറപ്പാക്കാൻ സജ്ജമായിക്കഴിഞ്ഞതായി സൈന്യം വ്യക്തമാക്കി. വിമാനത്തിന്റെ ഉൾവശത്തെ ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടില്ലാത്തതിനാൽ, ഖത്തർ ഭരണകൂടം ഒരുക്കിയിരുന്ന ആഡംബര ഫിനിഷിംഗുകളും ലെതർ സീറ്റുകളും തിളങ്ങുന്ന മരപ്പണികളും അതുപോലെ തന്നെ നിലനിർത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പുതിയ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുന്നോടിയായി പൈലറ്റുമാർക്കും ജീവനക്കാർക്കും പരിശീലനം നൽകുന്നതിനായി കഴിഞ്ഞ വർഷം തന്നെ എയർഫോഴ്സ് മറ്റൊരു ബോയിംഗ് 747-8 വിമാനം വാടകയ്ക്കെടുക്കുകയും ലുഫ്താൻസയിൽ നിന്ന് ഒരെണ്ണം വാങ്ങുകയും ചെയ്തിരുന്നു. കൂടാതെ വിമാനത്തിന്റെ ഉൾഭാഗത്തിന്റെ ഒരു ത്രിമാന മാതൃക നിർമ്മിച്ച് ഉദ്യോഗസ്ഥർക്ക് മുൻകൂട്ടി പരിശീലനവും നൽകിയിരുന്നു. കഴിഞ്ഞ മുപ്പതിലധികം വർഷങ്ങളായി അമേരിക്കൻ പ്രസിഡന്റുമാരെ വഹിക്കുന്ന സൈനിക നിലവാരത്തിലുള്ള ബോയിംഗ് 747-2 വിമാനങ്ങൾക്ക് പകരമായാണ് ഈ പുതിയ വിമാനം എത്തുന്നത്.
കഴിഞ്ഞ ദിവസം യൂറോപ്പിൽ നിന്നുള്ള യാത്ര കഴിഞ്ഞ് ട്രംപ് തിരിച്ചെത്തിയത് ഈ പഴയ വിമാനത്തിലായിരുന്നു. തുടർന്ന് വൈറ്റ് ഹൗസ് ജീവനക്കാർ ഈ പഴക്കമേറിയ വിമാനത്തിന് സാമൂഹിക മാധ്യമങ്ങളിലൂടെ വിടവാങ്ങൽ ആശംസകൾ നേരുകയും ചെയ്തു. ബോയിംഗ് കമ്പനിയിൽ നിന്ന് പുതിയ വിമാനങ്ങൾ 2028-ൽ എയർഫോഴ്സിന് ലഭിക്കുന്നത് വരെ മാത്രമായിരിക്കും ഖത്തറിന്റെ ഈ വിമാനം താല്കാലികമായി ഉപയോഗിക്കുക. ഇപ്പോൾ ഒഴിവാക്കുന്ന പഴയ വിമാനങ്ങൾ പൂർണ്ണമായും സേവനത്തിൽ നിന്ന് മാറ്റില്ലെന്നും, അവ ഗവൺമെന്റിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുടെ ഔദ്യോഗിക യാത്രകൾക്കായി ഉപയോഗിക്കുമെന്നും എയർഫോഴ്സ് വക്താവ് അറിയിച്ചു. ഒരു പുതിയ ബോയിംഗ് 747-8 വിമാനത്തിന് ഏകദേശം 400 മില്യൺ ഡോളർ വിലവരുമെന്നാണ് കണക്കാക്കുന്നത്.
