തിരുവനന്തപുരം: സർക്കാർ അധികാരമേറ്റതിനുപിന്നാലെ സെക്രട്ടേറിയറ്റിലെ പ്രധാന വകുപ്പുകളിലെ നിർണായക തസ്തികകളിൽ അഴിച്ചുപണി. ഇടതനുകൂല സംഘടനകളുമായി ആഭിമുഖ്യമുള്ളവർക്കും നേതാക്കൾക്കുമാണ് മാറ്റം. പകരം യു.ഡി.എഫ്. അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് അസോസിയേഷനുമായി ആഭിമുഖ്യമുള്ളവരെ നിർണായക തസ്തികകളിൽ നിയമിച്ചുതുടങ്ങി. നിയമവകുപ്പിൽ അണ്ടർ സെക്രട്ടറി തലംമുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി കഴിഞ്ഞദിവസം പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയിരുന്നു. സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്ന എം.എസ്. ഇർഷാദിനെ കഴിഞ്ഞദിവസം സ്റ്റേറ്റ് പ്രോട്ടക്കോൾ ഓഫീസറായി നിയമിച്ചിരുന്നു. പാർലമെന്ററികാര്യ അഡീഷണൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. പ്രോട്ടക്കോൾ ഓഫീസറായിരുന്ന എം.എസ്. ഹരികൃഷ്ണനെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഓഫീസിലേക്കാണ് മാറ്റിയത്.
സെക്രട്ടേറിയറ്റിലും അഴിച്ചുപണി
