എങ്ങുമെങ്ങും തൊടാതെ സച്ചിന്റെ കുറിപ്പ്, കഠിനാധ്വാനവും സുതാര്യതയും അനിവാര്യമെന്ന് ഇതിഹാസം

മുംബൈ: വിദ്യാഭ്യാസ സമ്പ്രദായത്തിലെ ക്രമക്കേടുകൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടയിൽ, സുതാര്യവും മെറിറ്റിന് മുൻഗണന നൽകുന്നതുമായ ഒരു വ്യവസ്ഥ ആവശ്യപ്പെട്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. വിദ്യാർത്ഥികളുടെ കഠിനാധ്വാനം ഒരിക്കലും പാഴായിപ്പോകരുതെന്ന് അദ്ദേഹം എക്‌സിലൂടെ ഓർമ്മിപ്പിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് നേരിട്ട് പരാമർശിക്കാതെയാണ്, രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ സത്യസന്ധതയുടെയും മെറിറ്റിന്റെയും കൂട്ടായ ഉത്തരവാദിത്തത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സച്ചിൻ സംസാരിച്ചത്. സമൂഹമാധ്യമമായ എക്‌സിലൂടെ പങ്കുവെച്ച കുറിപ്പിൽ, പ്രൊഫസറായ തന്റെ പിതാവ് തനിക്ക് പകർന്നുനൽകിയ ഒരു വലിയ പാഠം സച്ചിൻ ഓർത്തെടുത്തു. ”എന്റെ അച്ഛനൊരു പ്രൊഫസർ ആയിരുന്നു. നിരവധി വിദ്യാർത്ഥികൾക്ക് അദ്ദേഹം വഴികാട്ടിയും മാർഗ്ഗദർശിയുമായിരുന്നു. അച്ഛൻ ചെറുപ്പത്തിലേ എന്നെ പഠിപ്പിച്ച ഒരു പാഠമുണ്ട്, ‘പരാജയപ്പെടുന്നത് കുഴപ്പമില്ല, എന്നാൽ കോപ്പിയടിക്കുന്നത് തെറ്റാണ്. ഒരിക്കലും എളുപ്പവഴികൾ തേടാതിരിക്കുക.” സച്ചിൻ നിലപാട് വ്യക്തമാക്കി.

ഫലത്തേക്കാൾ കഠിനാധ്വാനത്തിന് വില കൽപ്പിക്കണമെന്നും മെറിറ്റ് എപ്പോഴും പ്രധാന മാർഗമായി നിലനിൽക്കണമെന്നും സമൂഹം ഉറപ്പാക്കണമെന്ന് സച്ചിൻ പറഞ്ഞു. ”സമൂഹത്തിലെ മുതിർന്നവർ എന്ന നിലയിൽ സംസ്‌കാരം രൂപപ്പെടുത്തേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. കഠിനാധ്വാനത്തേക്കാൾ ഫലങ്ങൾക്ക് മുൻഗണന നൽകുന്ന സമൂഹം എളുപ്പവഴികളാകും തേടുക. ഇന്ന് തങ്ങളുടെ കഠിനാധ്വാനത്തിന് അർഹമായ പ്രതിഫലം ലഭിച്ചില്ലെന്ന് കരുതി വിദ്യാർത്ഥികൾ നിരാശരാകുമ്പോൾ, അത് മനസ്സിലാക്കാവുന്നതേയുള്ളൂ. അവർക്ക് ഇനി ഒരിക്കലും അത്തരം അവസ്ഥ ഉണ്ടാകാതിരിക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കാം.” അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *