തിരുവനന്തപുരം: സൈബർ ആക്രമണങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും തളർന്നുപോയ തനിക്ക് താങ്ങായി നിന്ന മുഖ്യമന്ത്രി വി.ഡി സതീശനോടുള്ള ഹൃദയം നിറഞ്ഞ നന്ദി പങ്കുവെച്ച് നടിയും റിയാലിറ്റി ഷോ താരവുമായ സജ്ന നൂർ. തന്റെ വിഷമങ്ങളെ കേവലമൊരു ഫയലായോ പരാതിയായോ കാണാതെ സ്വന്തം സഹോദരനെപ്പോലെ ചേർത്തുപിടിച്ച വ്യക്തിയാണ് അദ്ദേഹമെന്ന് സജ്ന ഫെയ്സ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയെ നേരിൽ സന്ദർശിച്ച അനുഭവം പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ വികാരനിർഭരമായ കുറിപ്പ്. സമൂഹത്തിൽ പലരും അധികാരത്തിന്റെ ഭാഷ സംസാരിക്കുമ്പോൾ അദ്ദേഹം സംസാരിക്കുന്നത് മനുഷ്യത്വത്തിന്റെ ഭാഷയാണെന്നും അതുകൊണ്ടാണ് ജനങ്ങൾ അദ്ദേഹത്തെ വിശ്വസിക്കാവുന്ന ഒരു മനുഷ്യനായി കാണുന്നതെന്നും താരം കൂട്ടിച്ചേർത്തു. ഇതുപോലുള്ള നല്ല മനുഷ്യരാണ് കേരളത്തെ നയിക്കുന്നത് എന്ന ചിന്ത തന്നെ വലിയ പ്രതീക്ഷയാണ് നൽകുന്നത്. അധികാരത്തിന്റെ ശക്തിയേക്കാൾ മനുഷ്യസ്നേഹത്തിന്റെ ശക്തിയാണ് വലുതെന്ന് അദ്ദേഹം തെളിയിച്ചതായും, പ്രസംഗങ്ങളിലൂടെയല്ല ജനങ്ങളുടെ കണ്ണീരൊപ്പുന്നതിലൂടെയാണ് ഹൃദയം കീഴടക്കേണ്ടതെന്ന് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പഠിപ്പിക്കുന്നതായും കുറിപ്പിൽ പറയുന്നു.
VDക്ക് നന്ദി പറഞ്ഞ് സജ്ന
