മന്ത്രിക്ക് കത്തുമായി ശശി തരൂർ

തിരുവനന്തപുരം: പുതിയതായി പ്രഖ്യാപിച്ച ജെ സി ഡാനിയേൽ ഇന്‍റർനാഷണൽ ഫിലിം സിറ്റിയെ സ്വാഗതം ചെയ്യുന്നതോടൊപ്പം തന്നെ, അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സ്ഥിരം വേദിയായി തിരുവനന്തപുരത്തെ നിലനിർത്തണമെന്ന ശക്തമായ ആവശ്യവുമായി ഡോ. ശശി തരൂർ എം.പി. ഇക്കാര്യമുന്നയിച്ച് സംസ്ഥാന സാംസ്കാരിക-സിനിമ-ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥിന് അദ്ദേഹം കത്തയച്ചു. കഴിഞ്ഞ 30 വർഷമായി ഐഎഫ്എഫ്കെയുടെ ആസ്ഥാനം തിരുവനന്തപുരമാണെന്നും അത് അവിടെത്തന്നെ തുടരണമെന്നും ശശി തരൂർ വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിൽ മുപ്പതാം പതിപ്പ് പൂർത്തിയാക്കിയ ഐഎഫ്എഫ്കെ, തിരുവനന്തപുരത്തിന്‍റെ മണ്ണിൽ ജനിച്ചുവളർന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളിലൊന്നായി മാറിയതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കൊച്ചിയിലെ സിനിമ ഉത്പാദന മേഖലയെ ശക്തിപ്പെടുത്തുന്നതിനൊപ്പം തലസ്ഥാന നഗരിയിൽ ചലച്ചിത്ര മേളയുടെ സ്ഥിരം വേദി നിലനിർത്തുന്നത് പരസ്പര പൂരകങ്ങളായ കാര്യങ്ങളാണെന്നും കേരളത്തിന് ഇവ രണ്ടും ഒന്നിച്ച് കൊണ്ടുപോകാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *