വാഷിങ്ടൺ: ഇന്ധനവില ഇരട്ടിയായതും ട്രംപിന്റെ പാക്കേജും കിട്ടാത്തതും മൂലം പ്രവർത്തനം നിർത്തി സ്പിരിറ്റ് എയർലൈൻസ്. ശനിയാഴ്ചയോടെയാണ് സ്പിരിറ്റ് എയർലൈൻസ് തങ്ങളുടെ എല്ലാ സർവീസുകളും റദ്ദാക്കി പ്രവർത്തനം അവസാനിപ്പിച്ചത്. ഇറാൻ യുദ്ധം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോൾ വ്യോമയാന മേഖലയിലുണ്ടാകുന്ന ആദ്യത്തെ വലിയ തകർച്ചയാണിത്. യുദ്ധം തുടങ്ങിയതോടെ വിമാന ഇന്ധനത്തിന്റെ വില ഇരട്ടിയായി വർദ്ധിച്ചു. ഗാലന് 2.24 ഡോളർ ചിലവ് പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് ഏപ്രിൽ അവസാനത്തോടെ വില 4.51 ഡോളറിലേക്ക് ഉയർന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതാണ് ഇന്ധനവില ഉയരാൻ കാരണമായത്.
വിമാനക്കമ്പനിയെ രക്ഷിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 500 മില്യൺ ഡോളറിന്റെ പാക്കേജ് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഭരണകൂടത്തിനുള്ളിലെ ഭിന്നതകളും കടം നൽകിയവരുടെ പിന്തുണ ലഭിക്കാത്തതും മൂലം ഈ നീക്കം പരാജയപ്പെട്ടു. യുദ്ധത്തിന് മുൻപ് തന്നെ ലാഭമുണ്ടാക്കാൻ സ്പിരിറ്റ് എയർലൈൻസ് കഷ്ടപ്പെടുകയായിരുന്നു. കുറഞ്ഞ നിരക്കിൽ സർവീസ് നടത്തിയിരുന്ന കമ്പനിക്ക് ഇന്ധനവിലയിലെ പെട്ടെന്നുള്ള വർദ്ധനവ് താങ്ങാനായില്ല. കൊവിഡ് കാലത്തിന് ശേഷം യാത്രികർ സൗകര്യങ്ങൾക്കും അനുഭവങ്ങൾക്കും മുൻഗണന നൽകിത്തുടങ്ങിയതോടെ അൾട്രാ-ലോ-കോസ്റ്റ് വിമാനക്കമ്പനിയായ സ്പിരിറ്റിന്റെ ആവശ്യക്കാർ കുറഞ്ഞു.
മെയ് 1 മുതൽ 15 വരെയുള്ള കാലയളവിൽ നിശ്ചയിച്ചിരുന്ന നാലായിരത്തിലധികം സർവീസുകളാണ് റദ്ദാക്കിയത്. യാത്രക്കാർ എയർപോർട്ടിലേക്ക് പോകരുതെന്ന് കമ്പനി നിർദ്ദേശിച്ചു. അതേസമയം ആയിരക്കണക്കിന് ജീവനക്കാർക്ക് ജോലി നഷ്ടമാകുന്നത് ട്രംപ് ഭരണകൂടത്തിനും വലിയ തിരിച്ചടിയാണ്. വിപണിയിൽ കുറഞ്ഞ നിരക്ക് ഉറപ്പാക്കിയിരുന്ന സ്പിരിറ്റ് പിന്മാറുന്നതോടെ വിമാനയാത്രാ നിരക്കുകൾ ഉയരാൻ സാധ്യതയുണ്ട്. സ്പിരിറ്റ് എയർലൈൻസ് തകർന്നതോടെ യാത്രക്കാർക്കായി യുണൈറ്റഡ്, അമേരിക്കൻ, സൗത്ത് വെസ്റ്റ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ പ്രത്യേക നിരക്കുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
