അമേരിക്ക പരാജയപ്പെട്ടു; മിസൈൽ-ആണവ പദ്ധതികളിൽ വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന് ഇറാൻ പരമോന്നത നേതാവ്

ടെഹ്റാൻ: അമേരിക്ക പശ്ചിമേഷ്യൻ സംഘർഷത്തിൽ ദയനീയമായി പരാജയപ്പെട്ടെന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനെയി. ഹോർമൂസിലും പേർഷ്യൻ ഗൾഫിലും ഇറാൻ പുതിയ അധ്യായം തുറക്കുന്നുവെന്നും മൊജ്തബ ഖമനെയി അവകാശപ്പെട്ടു. മേഖലയിൽ അമേരിക്കൻ സാമ്രാജ്യത്വം ദയനീയമായി പരാജയപ്പെട്ടെന്നും അമേരിക്കയുടെ ചൂഷണം പൂർണമായി അവസാനിപ്പിക്കുമെന്നും മൊജ്തബ ഖമനെയി പുതിയ സന്ദേശത്തിലൂടെ പറഞ്ഞു. ഹോർമൂസ് നിയന്ത്രിക്കാൻ പുതിയ സംവിധാനം സ്ഥിരീകരിക്കുന്നതാണ് ഇറാൻ പരമോന്നത നേതാവിന്‍റെ സന്ദേശം.

അയൽ രാജ്യങ്ങളുമായി ചേർന്നു പോകേണ്ടവരാണ് ഇറാൻ ജനത. എന്നാൽ അമേരിക്കയുടെ സാന്നിധ്യം പ്രദേശത്തെ അരക്ഷിതാവസ്ഥയ്ക്ക് കാരണമാണ്. അമേരിക്കയുടെ സ്ഥാനം പശ്ചിമേഷ്യൻ മേഖലയിലല്ല, മറിച്ച് കടലിന്റെ അടിത്തട്ടിലായിരിക്കുമെന്ന് തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചർത്തു. ഹോർമൂസ് അടങ്ങുന്ന തന്ത്രപരമായ സ്വത്ത് കഴിഞ്ഞ നൂറ്റാണ്ടുകളിൽ പല ദുഷ്ടശക്തികളും നോട്ടമിട്ടിട്ടുണ്ട്. ആക്രമണങ്ങളും ഭീഷണികളും ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് സമീപകാല ആക്രമണങ്ങളെന്നും ഖമനേയി പ്രസ്താവനയിൽ കുറിച്ചു.

അതേസമയം രാജ്യത്തിന്റെ ആണവ, മിസൈൽ ശേഷികൾ സ്വന്തം അതിർത്തികൾ പോലെ തന്നെ സംരക്ഷിക്കുമെന്നും അതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മൊജ്തബ ഖമനെയി വ്യക്തമാക്കി. ഇറാനിയൻ ജനത ഈ നേട്ടങ്ങൾ കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.. മേഖലയുടെ ഭാവി തീരുമാനിക്കുന്നതിൽ അമേരിക്കയ്ക്ക് യാതൊരു സ്ഥാനവും ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇറാന്‍റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നത് തുടരുമെന്നും വ്യക്തമാക്കി. പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ട ശേഷം, യുദ്ധം തുടങ്ങി അറുപത്തിരണ്ടാം നാളിലാണ് ഇറാൻ പിന്നോട്ടില്ലെന്ന് പ്രഖ്യാപിക്കുന്ന മൊജ്തബയുടെ ശക്തമായ സന്ദേശം പുറത്തുവന്നിരിക്കുന്നത്.
ഇറാന്റെ ആണവ-മിസൈൽ പദ്ധതികൾ അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾക്ക് മറുപടിയായിട്ടാണ് മൊജ്തബ ഖമനേയിയുടെ പ്രസ്താവന.

Leave a Reply

Your email address will not be published. Required fields are marked *