ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ മാർക്ക് രേഖപ്പെടുത്താത്ത മാർക്ക് ലിസ്റ്റ് ലഭിച്ച വിദ്യാർഥി സുപ്രീംകോടതിയെ സമീപിച്ചു. സൗദിയിൽ പരീക്ഷ എഴുതിയ ഇന്ത്യൻ വിദ്യാർഥിക്കാണ് മാർക്കില്ലാത്ത മാർക്ക് ലിസ്റ്റ് കിട്ടിയതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പരീക്ഷാ ഫലം വന്നിട്ടും വിഷയങ്ങൾക്കൊന്നും മാർക്ക് രേഖപ്പെടുത്താത്ത മാർക്ക് ലിസ്റ്റാണ് തനിക്ക് ലഭിച്ചതെന്ന് വിദ്യാർത്ഥി ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഹർജി ഇന്ന് തന്നെ സുപ്രീം കോടതി പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
വിദേശത്ത് പഠിക്കുന്ന നിരവധി സിബിഎസ്ഇ പ്രൈവറ്റ് വിദ്യാർത്ഥികൾ സമാനമായ രീതിയിൽ ഫലപ്രഖ്യാപനത്തിലെ അപാകതകൾ നേരിടുന്നുണ്ടെന്ന് വിദ്യാർത്ഥിക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് വിനീത് ജിൻഡാൽ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു. ചിലരുടെ ഫലങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്.
