‘ദി ട്രൂ ലീഡര്‍’; ‘ജനനായകനി’ലെ ലിറിക്കല്‍ വീഡിയോ സോംഗ് എത്തി

ചെന്നൈ : വിജയ് നായകനാവുന്ന അവസാന ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രമാണ് ജനനായകന്‍. ജൂലൈ 23 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ദി ട്രൂ ലീഡര്‍ എന്ന ഗാനത്തിന്‍റേതാണ് അത്. അമോഘ് ബാലാജി എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. അമോഘ് ബാലാജി തന്നെയാണ് ആലപിച്ചിരിക്കുന്നതും.

പൊങ്കല്‍ റിലീസ് ആയി ഈ വര്‍ഷം ജനുവരി 9 ന് തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രമാണിത്. എന്നാല്‍ സെന്‍സര്‍ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ആറ് മാസങ്ങള്‍ക്കിപ്പുറമാണ് ചിത്രം വെളിച്ചം കണ്ടത്. ഈ ഇടവേളയില്‍ ചിത്രത്തിന്‍റെ വ്യാജ പതിപ്പ് പുറത്തെത്തുകയും അത് വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വാരം പുറത്തെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ വിജയിന്‍റെ താരമൂല്യം എത്രയെന്ന് വീണ്ടും തെളിയിക്കുകയാണ് ബോക്സ് ഓഫീസില്‍ ചിത്രം.

നന്ദമുരി ബാലകൃഷ്ണ നായകനായ തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രമാണിത്. തിരക്കഥയും സംവിധാനവും എച്ച് വിനോദ്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് റിലീസ് പ്ലാന്‍ ചെയ്തിരുന്ന ചിത്രം സ്വാഭാവികമായും വിജയിന്‍റെ രാഷ്ട്രീയ നേട്ടത്തിന് ഉതകുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ചിത്രം ഇപ്പോഴാണ് ഇറക്കാനായത് എന്നത് മറ്റൊരു കാര്യം. ഒടുവില്‍ ചിത്രം എത്തുമ്പോള്‍ വിജയ് തമിഴ്നാട് മുഖ്യമന്ത്രി കസേരയിലാണ് എന്നതും കൗതുകം. കന്നഡത്തിലെ പ്രമുഖ ബാനര്‍ ആയ കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *