ടിവികെയുടെ ഓഫീസിന് അജ്ഞാതർ തീയിട്ടു; പൊലീസിൽ പരാതി നൽകി

ചെന്നൈ: വിജയുടെ പാർട്ടിയായ ടിവികെയുടെ തമിഴ്നാട് തൃച്ചിയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് അജ്ഞാതർ തീയിട്ടു. ശ്രീരംഗം മണ്ഡലത്തിൻ്റെ പരിധിയിലുള്ള പേട്ടവയത്തലൈയിൽ സ്ഥാനാർഥിയായ രമേശിൻ്റെ ഓഫീസാണ് ആക്രമിച്ചത്. ഓഫീസിൽ ഉണ്ടായിരുന്ന മുഴുവൻ ബാനറുകളും വലിച്ചുകീറി. സംഭവത്തിൽ ടിവികെ യൂണിയൻ സെക്രട്ടറി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെയാണ് അജ്ഞാതർ ഓഫീസിന് തീയിട്ടതെന്ന് പാർട്ടി സ്ഥാനാർഥിയായ രമേശ് പറഞ്ഞു. മുഴുവൻ ബാനറുകളും കീറിക്കളഞ്ഞു. ശ്രീരംഗം നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ സുരക്ഷിതമായ അന്തരീക്ഷത്തിൽ നടത്താൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാൻ മൂന്ന് ദിവസം ബാക്കിനിൽക്കെയാണ് സംസ്ഥാനത്ത് അക്രമസംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

അതേസമയം കഴിഞ്ഞ ദിവസം പുറത്തുവന്ന ഭൂരിഭാഗം എക്സിറ്റ് പോളുകളും ഡിഎംകെയ്ക്കാണ് മേൽക്കൈ പ്രവചിക്കുന്നത്. മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ നേതൃത്വം നൽകുന്ന ഡിഎംകെ സഖ്യം സംസ്ഥാനത്ത് ഭരണം നിലനിർത്തുമെന്നാണ് പ്രവചനം. പീപ്പിൾസ് പൾസ്, ചാണക്യ തുടങ്ങിയ ഏജൻസികൾ ഡിഎംകെയ്ക്ക് മുന്നേറ്റം പ്രവചിക്കുമ്പോൾ ജെവിസി ടൈംസ് നൗ, അണ്ണാ ഡിഎംകെ – ബിജെപി സഖ്യം അട്ടിമറി നേടുമെന്നും പ്രവചിക്കുന്നു. അതേസമയം ആക്സിസ് മൈ ഇന്ത്യ പുറത്തുവിട്ട എക്സിറ്റ് പോൾ ഫലത്തിൽ ടിവികെയ്ക്കാണ് മേൽക്കെ.

Leave a Reply

Your email address will not be published. Required fields are marked *