ഭവാനിപുരിൽ സുരക്ഷ ശക്തമാക്കി

കൊൽക്കത്ത: മുഖ്യമന്ത്രി മമതാ ബാനർജി മത്സരിക്കുന്ന ഭവാനിപുർ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിനും ഇ.വി.എം. സ്‌ട്രോങ്ങ് റൂമിനും പുറത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊൽക്കത്ത പോലീസ്. ഭാരതീയ ന്യായ സംഹിതയിലെ 163-ാം വകുപ്പ് പ്രകാരമാണ് നടപടി. വോട്ടെണ്ണൽ കേന്ദ്രമായ സഖാവത്ത് മെമ്മോറിയൽ സ്‌കൂളിന് പുറത്ത് സുരക്ഷ ശക്തമാക്കുകയും അനധികൃത പ്രവേശനം തടയുകയും ചെയ്തിട്ടുണ്ട്.

മേയ് 4-ന് നടക്കാനിരിക്കുന്ന വോട്ടെണ്ണലിന് മുന്നോടിയായി നേതാജി ഇൻഡോർ സ്റ്റേഡിയത്തിലെ സ്‌ട്രോങ്ങ് റൂമിന് പുറത്തും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യമില്ലാതെ ബാലറ്റ് പെട്ടികൾ തുറക്കാൻ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ശ്രമിക്കുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് നേരത്തേ ആരോപണമുന്നയിച്ചിരുന്നു.

അതേസമയം, തൃണമൂൽ കോൺഗ്രസിന്റെ ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. പൊളിറ്റിക്കൽ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പോസ്റ്റൽ ബാലറ്റുകൾ സൂക്ഷിച്ചിരുന്ന സ്‌ട്രോങ്ങ് റൂം തുറന്നതെന്നും ഇതിനായി തൃണമൂൽ കോൺഗ്രസിനെയും ക്ഷണിച്ചിരുന്നതായും കമ്മിഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കൃത്യമായ പ്രോട്ടോക്കോൾ പാലിച്ചാണ് ബാലറ്റുകൾ തരംതിരിക്കുന്ന നടപടികൾ നടന്നത്. എന്നാൽ സ്‌ട്രോങ്ങ് റൂമുകൾക്കുള്ളിൽ പുറത്തുനിന്നുള്ളവർ ബാലറ്റ് പേപ്പറുകളിൽ കൃത്രിമം കാണിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കണ്ടുവെന്നാരോപിച്ച് തൃണമൂൽ നേതാക്കളായ കുനാൽ ഘോഷും ശശി പഞ്ജയും ഖുദിറാം അനുശീലൻ കേന്ദ്രത്തിന് പുറത്ത് പ്രതിഷേധിച്ചു. തന്റെ പാർട്ടിയുടെ ഏജന്റിനെ അറസ്റ്റ് ചെയ്തതായും ഇവിഎം മോഷ്ടിക്കാനോ വോട്ടെണ്ണലിൽ അട്ടിമറി നടത്താനോ ശ്രമിച്ചാൽ ജീവൻ കൊടുത്തും പോരാടുമെന്നും മമതാ ബാനർജി നേരത്തെ വ്യക്തമാക്കിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *