കുവൈത്ത് : കുവൈത്തിലെ മംഗഫ് മേഖലയിൽ നിയമവിരുദ്ധമായി വിദേശമദ്യം വിൽക്കാൻ ശ്രമിച്ച രണ്ട് ആഫ്രിക്കൻ പ്രവാസികളെ സാൽമി പൊലീസ് സ്റ്റേഷനിലെ ഡിറ്റക്ടീവുകൾ പിടികൂടി. വിൽപ്പനയ്ക്കായി സൂക്ഷിച്ച 48 കുപ്പി വിദേശമദ്യവും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മേഖലയിൽ പ്രവാസികൾ വിദേശമദ്യ കള്ളക്കടത്തും വിൽപ്പനയും നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ പ്രത്യേക അന്വേഷണം ആരംഭിച്ചത്. തുടർന്ന് പൊലീസ് തന്ത്രപരമായി ഇവരെ പിടികൂടുകയായിരുന്നു. ഒരു ഉദ്യോഗസ്ഥൻ ഉപഭോക്താവെന്ന വ്യാജേന പ്രതികളിലൊരാളെ ഫോണിൽ ബന്ധപ്പെടുകയും, ഒരു കുപ്പി വിദേശമദ്യത്തിന് 100 കുവൈത്ത് ദിനാർ വിലയുറപ്പിക്കുകയും ചെയ്തു. മംഗഫിലെ പ്രമുഖമായൊരു മാർക്കറ്റിന് സമീപം വെച്ച് മദ്യം കൈമാറാനായിരുന്നു ധാരണ. നിശ്ചയിച്ച സ്ഥലത്തെത്തി മദ്യം കൈമാറി പണം വാങ്ങിയ ഉടൻ തന്നെ ഒളിച്ചിരുന്ന പോലീസ് സംഘം പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു.
കുവൈത്തിൽ 48 കുപ്പി വിദേശമദ്യവുമായി രണ്ട് പ്രവാസികൾ അറസ്റ്റിൽ
