തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ ഭരണ പ്രതിസന്ധിയില്ലെന്ന് മേയര്‍ വി. വി രാജേഷ്. ഭരണചക്രം കറങ്ങുന്നതുകൊണ്ടാണ് പാളയത്തെ ഗുണ്ടാ പിരിവ് അവസാനിപ്പിച്ചത്. കോര്‍പ്പറേഷന്‍ ഭൂമികളിലെ കഴിഞ്ഞ 45 വര്‍ഷത്തെ സിപിഐഎം കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചതായും മേയർ പറഞ്ഞു. അഞ്ച് വര്‍ഷത്തില്‍ 10 അവിശ്വാസ പ്രമേയം കണ്ടുതന്നെയാണ് അധികാരം ഏറ്റെടുത്തത്. അവിശ്വാസപ്രമേയം എന്ന് ഇടയ്ക്കിടയ്ക്ക് പറയാതെ അത് അവതരിപ്പിക്കട്ടെയെന്നും വി. വി രാജേഷ് പറഞ്ഞു.
ജനാധിപത്യപരമായി പ്രതിഷേധിച്ചാല്‍ മനസ്സിലാക്കാം. കഴിഞ്ഞ ദിവസം കോര്‍പ്പറേഷനില്‍ കണ്ടത് അതല്ല. യുഡിഎഫ്-എല്‍ഡിഎഫ് അതിക്രമമാണ് കോര്‍പ്പറേഷനില്‍ നടന്നത്. നിയമപരമായി തന്നെ മുന്നോട്ടുപോകാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. കോര്‍പ്പറേഷന്റേത് ദുര്‍ഭരണം എന്ന നെടുമങ്ങാട് എംഎല്‍എ ജി. ആര്‍ അനിലിന്റെ പ്രസ്താവനയോടും അദ്ദേഹം പ്രതികരിച്ചു. സംസ്ഥാനത്ത് ദുര്‍ഭരണം നടത്തിയതിന് ചുക്കാന്‍ പിടിച്ച ആളാണ് ജി ആര്‍ അനില്‍. അതിനുള്ള മറുപടിയാണല്ലോ ജനവിധിയെന്നും മേയർ പരിഹസിച്ചു.
അതേസമയം ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ നീക്കം നടത്തിയെങ്കിലും എൽഡിഎഫ് പിന്തുണച്ചിരുന്നില്ല. ഇതേ തുടർന്ന് അടിയന്തര പ്രമേയ നീക്കം ഉടനില്ലെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കെ എസ് ശബരീനാഥന്‍ പറഞ്ഞിരുന്നു.
