മധുവിധു’ മെയ് 22മുതൽ സോണി ലിവിൽ

കൊച്ചി : ചിരിയും കുടുംബബന്ധങ്ങളും കോർത്തിണക്കി പ്രേക്ഷകഹൃദയം കീഴടക്കിയ ഫാമിലി എന്റർടൈനറായ ‘മധുവിധു’ സോണി ലിവ് പ്രേക്ഷകരിലേക്ക്. തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം മെയ് 22 മുതൽ സോണി ലിവിലൂടെ സ്ട്രീമിംഗ് ആരംഭിക്കും.
ഷറഫുദ്ദീൻ നായകനാകുന്ന ചിത്രം ആഞ്ഞിലമൂട് തറവാട്ടിലെ ഇളയ തലമുറക്കാരനായ അമൃത് രാജ് എന്ന ‘അമ്മു’വിന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്. അഞ്ചു പുരുഷന്മാർ മാത്രം താമസിക്കുന്ന ആ വീട്ടിലേക്കെത്തുന്ന പുതിയ ബന്ധങ്ങളും അതിനുശേഷമുള്ള ജീവിതാനുഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. വിവാഹശേഷമുള്ള സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങളെ ഹാസ്യത്തിന്റെയും വികാരങ്ങളുടെയും പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ചിത്രം, ദാമ്പത്യജീവിതത്തിലെ പരസ്പര സ്‌നേഹവും സഹനവും ഹൃദയസ്പർശമായി അവതരിപ്പിക്കുന്നു. പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിച്ച ചിത്രം സംവിധാനം ചെയ്തത് വിഷ്ണു അരവിന്ദ് ആണ്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.

Leave a Reply

Your email address will not be published. Required fields are marked *