വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

കോഴിക്കോട്: വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ രണ്ടാം പ്രതിയായ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്. വെള്ളിയാഴ്ച്ച ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് എസ്‌ഐടി നോട്ടീസ് നല്‍കിയത്. ജിതിന്‍ ഭാസ്‌കര്‍ സ്‌ക്രീന്‍ ഷോട്ട് ആദ്യം അയച്ച് നല്‍കിയത് റിബേഷിനാണെന്നും, സ്‌ക്രീന്‍ഷോട്ട് റെഡ് എന്‍കൌണ്ടര്‍ എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതത് റിബേഷാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

കേസില്‍ ദിവസങ്ങള്‍ക്ക് മുമ്പ് റിബേഷിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. കേസില്‍ പ്രതി ചേര്‍ക്കപ്പെടുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റിബേഷ് രാമകൃഷ്ണന്‍ കോടതിയെ സമീപിച്ചത്. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ബേഷ് രാമകൃഷ്ണന് ജാമ്യം അനുവദിച്ചത്.

വടകര കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ പ്രതിയായ ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളിയിരുന്നു. പ്രത്യേക അന്വേഷണ സംഘം നല്‍കിയ ഹര്‍ജി വടകര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് തള്ളിയത്. പ്രതി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാണിച്ചായിരുന്നു ഹര്‍ജി.

ജിതിന് ജാമ്യം ലഭിച്ച ശേഷം വടകരയിലും തിരുവള്ളൂരിലും നടന്ന സ്വീകരണ പരിപാടികളിലെ അക്രമസംഭവങ്ങളും പൊലീസിനും സര്‍ക്കാരിനുമെതിരെയുള്ള വെല്ലുവിളികളും പ്രകോപന മുദ്യാവാക്യങ്ങളും ചൂണ്ടിക്കാട്ടിയാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. രണ്ട് സംഭവങ്ങളിലും ജിതിനെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ജാഥകളില്‍ പങ്കെടുക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയല്ലെന്നും പൊലീസ് കേസുകള്‍ കെട്ടിച്ചമയ്ക്കുകയാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി ഹര്‍ജി തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *