എംഎൽഎയ്ക്ക് മന്ത്രി പദവി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്താൻ ശ്രമിച്ച കേസ്; രണ്ടുപേർ പിടിയിൽ

കോഴിക്കോട്: വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്ക്ക് മന്ത്രി പദവി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ പോലീസിന്റെ പിടിയിലായി. ഡൽഹി സ്വദേശികളായ നിതിൻ കുമാർ, ഗൗരവ് എന്നിവരാണ് പിടിയിലായത്. സിറ്റി ക്രൈം പോലീസിന്റെ നേതൃത്വത്തിൽ നടന്ന അതീവ രഹസ്യമായ നീക്കത്തിനൊടുവിലാണ് പ്രതികളെ പിടികൂടാനായത്.

പ്രിയങ്ക ഗാന്ധിയുടെ ഓഫീസിലെ സ്റ്റാഫുകൾ എന്ന വ്യാജേനയാണ് ഇവർ എംഎൽഎയെ ബന്ധപ്പെട്ടത്. മന്ത്രിസഭാ പുനഃസംഘടനയിൽ എംഎൽഎയ്ക്ക് സ്ഥാനം ഉറപ്പിക്കാമെന്നും ഉന്നത നേതാക്കളുമായി തങ്ങൾക്ക് അടുത്ത ബന്ധമുണ്ടെന്നും പ്രതികൾ അവകാശപ്പെട്ടിരുന്നു. ഇതിനായി വലിയൊരു തുക ഇവർ ആവശ്യപ്പെട്ടതായാണ് സൂചന. എന്നാൽ സംശയം തോന്നിയ എംഎൽഎ ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകാർ വലയിലായത്.

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്ക്ക് പുറമേ എംപിമാരായ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവർക്കും പ്രതികൾ തട്ടിപ്പ് സന്ദേശം അയച്ചിരുന്നു. പിടിയിലായ പ്രതികളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് ക്രൈം പോലീസ് വിഭാഗം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *