തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായ രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിനെതിരെ ഇപി ജയരാജൻ. രത്തൻ ഖേൽക്കറെ തന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിനെ ന്യായീകരിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ ബുധനാഴ്ച വാർത്താ സമ്മേളനത്തിൽ നിരത്തിയ വാദങ്ങൾ വിചിത്രമാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇദ്ദേഹത്തെ ചീഫ് ഇലക്ട്രൽ ഓഫീസർ പാനലിൽ ഉൾപ്പെടുത്തി എന്നത് നുണയാണ്. ചീഫ് ഇലക്ടൽ ഓഫീസർ നിയമനത്തിന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ പാനൽ നൽകുക എന്നത് വെറും നടപടി ക്രമം മാത്രമാണ് മുൻ സർക്കാർ ചെയ്തത്. അത് ഏതെങ്കിലും താൽപ്പര്യങ്ങളുടെ അടിസ്ഥാനത്തിലല്ല. അതിൽ നിന്നും ഒരാളെ തെരഞ്ഞെടുക്കുന്നത് കേന്ദ്ര ഇലക്ഷൻ കമ്മീഷനാണ്. ബിജെപി താൽപര്യമനുസരിച്ച് മാത്രമായിരിക്കും നിയമനവും.
എസ്ഐആർ വിഷയത്തിൽ ബംഗാളിലെ പോലെയല്ല കേരളത്തിൽ നടന്നതെന്നാണ് മറ്റൊരു വാദമായി മുഖ്യമന്ത്രി പറയുന്നത്. ബംഗാളിലെ തോതിലല്ലെങ്കിലും കേരളത്തിലും ലക്ഷക്കണക്കിന് വോട്ടർമാർ വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും പുറത്തായിട്ടുണ്ട്. ഇത് ബിജെപിക്ക് വേണ്ടി നടത്തിയ രാഷ്ട്രീയക്കളിയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഉൾപ്പെടെ എസ്ഐആർ വിഷയം ഉയർത്തിക്കാട്ടി ന്യൂനപക്ഷങ്ങൾക്കിടയിൽ പ്രചാരണം നടത്തിയത് യുഡിഎഫ് ആണെന്നും അദ്ദേഹം പറഞ്ഞു.
