കൊച്ചി: താരസംഘടന അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് നടി മല്ലികാ സുകുമാരന്‍. ഭരണസമിതി പരദൂഷണകമ്മിറ്റിയായി മാറിയെന്നും നടി അന്‍സിബയ്ക്ക് വോട്ട് ചെയ്യണമെന്ന് തന്നോട് പറഞ്ഞയാളാണ് ടിനി ടോമെന്നും മല്ലികാ സുകുമാരന്‍ തുറന്നടിച്ചു. അന്‍സിബയുടെ ആരോപണത്തില്‍ നീന കുറുപ്പ് തെളിവ് പുറത്തുവിടണമെന്നും അവര്‍ ആവശ്യപ്പെട്ടു. അമ്മയില്‍ നടക്കുന്ന സംഭവങ്ങള്‍ നാണക്കേടുണ്ടാക്കുന്നതാണെന്നും സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുമ്പോള്‍ ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ തുറന്ന് പറയണമെന്നും അമ്മയില്‍ നടക്കുന്നത് ധൂര്‍ത്താണെന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു.
ഇപ്പോഴത്തെ അവസ്ഥയിൽ ഒരു മനുഷ്യർക്കും അമ്മയില്‍ തുടരാന്‍ താല്‍പ്പര്യമില്ല. അതുകൊണ്ടുതന്നെ ഭരണസമിതി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക, അല്ലെങ്കില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി മാറ്റുകയെന്നും അവർ പറഞ്ഞു. ഇത് താരസംഘടനയാണോ, ഗുണ്ടകളുടെ സംഘടനയാണോ അതോ അപവാദം പറഞ്ഞ് പ്രചരിപ്പിക്കാനുളള പരദൂഷണകേന്ദ്രമാണോ എന്ന് പോലും അറിയാൻ വയ്യ. നാഥനില്ലാ കളരിയായി ഒരു സംഘടനയെ മുന്നോട്ടുകൊണ്ടുപോകാന്‍ ആകില്ല. പ്രസിഡന്റ് അറിയാതെ അധികാരം കയ്യാളാൻ സെക്രട്ടറിക്കും മറ്റുളളവര്‍ക്കും അനുവാദം കൊടുത്തിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും മല്ലികാ സുകുമാരന്‍ വ്യക്തമാക്കി.
