വീണയ്ക്ക് ആശ്വാസം

തിരുവനന്തപുരം : മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ മകൾ വീണയ്ക്ക് വെള്ളിയാഴ്ച വരെ നോട്ടീസ് അയക്കില്ലെന്ന് ഇഡി. വീണ ടിയ്ക്കെതിരായ തുടർനടപടികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻറെ അന്തിമ വിധി വന്ന ശേഷം മതിയെന്നാണ് ഇഡിയുടെ തീരുമാനം. അതേസമയം, പിണറായിയുടെ വീട്ടിൽ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ സിപിഎം ആക്രമണവുമായി ബന്ധപ്പെട്ട കേസ് കടുപ്പിക്കാനും ഇഡി നടപടി തുടങ്ങി. സിപിഎം പ്രവർത്തകർക്ക് പുറമേ സ്ഥലത്തുണ്ടായിരുന്ന മുതിർന്ന നേതാക്കളെയും കേസിൽ പ്രതികളാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ഇഡി തയാറെടുക്കുന്നത്. വീണയ്ക്ക് സമൻസ് അയക്കാനും വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും ഇഡിക്ക് നിലവിൽ നിയമതടസമില്ല. എങ്കിലും തിടുക്കം വേണ്ടെന്ന ധാരണയിലേക്കാണ് ഇ ഡി എത്തിയിരിക്കുന്നത്. ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ കമ്പനി നൽകിയ ഹർജിയിൽ വെള്ളിയാഴ്ചയാണ് ഡിവിഷൻ ബെഞ്ചിൻറെ ഉത്തരവ് വരിക. അന്തിമ ഉത്തരവ് അനുകൂലമെങ്കിൽ വേഗത്തിൽ തുടർ നീക്കങ്ങളുണ്ടാകുമെന്നും ഇഡി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *