മോഹന്‍ലാല്‍ ഉപയോഗിച്ച വാഹന നമ്പര്‍ വ്യാജം; ദൃശ്യം 3 സിനിമയ്‌ക്കെതിരെ പരാതി

അടിമാലി: ദൃശ്യം 3 സിനിമയ്‌ക്കെതിരെ പരാതി. ദൃശ്യം മൂന്നില്‍ മോഹന്‍ലാല്‍ ഉപയോഗിച്ച വാഹന നമ്പര്‍ വ്യാജമാണെന്നാണ് പരാതി. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി രാജീവാണ് പൊലീസില്‍ പരാതി നല്‍കിയത്. അറിവോ സമ്മതമോ ഇല്ലാതെ തന്റെ വാഹന നമ്പര്‍ സിനിമയില്‍ വ്യാജമായി ഉപയോഗിച്ചുവെന്നാണ് രാജീവിന്റെ ആരോപണം. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, സംവിധായകന്‍ ജിത്തു ജോസഫ്, മോഹന്‍ലാല്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. 2023 ലായിരുന്നു താന്‍ ഈ വാഹനം എടുത്തതെന്നാണ് പരാതിക്കാരന്‍ പറയുന്നത്.

ചിത്രം റിലീസ് ചെയ്ത് നാലഞ്ച് ദിവസം കഴിഞ്ഞ് താന്‍ നെടുങ്കണ്ടത്ത് നില്‍ക്കുമ്പോള്‍ ദൃശ്യം അനുകരിക്കുകയാണോ എന്ന് ചിലര്‍ തന്നോട് ചോദിച്ചു. ആദ്യം തമാശയാണെന്നാണ് കരുതിയത്. പിന്നീടാണ് ചിത്രത്തില്‍ തന്റെ വണ്ടി നമ്പറാണ് ഉപയോഗിച്ചതെന്ന് മനസിലായത്. കൊച്ചിയിലുള്ള ഒരു അഭിഭാഷകന്‍ വിളിച്ച് ഇത് തന്റെ അനുമതിയോടെയാണോ ഉപയോഗിച്ചിരിക്കുന്നത് എന്ന് ചോദിച്ചു. അതിന് ശേഷം താന്‍ സിനിമ കണ്ടു. അപ്പോഴാണ് നേരിട്ട് ബോധ്യമായത്. തുടര്‍ന്ന് ആര്‍ടിഒയോട് സംസാരിച്ചു. വണ്ടി വിറ്റതാണോ എന്ന് തമാശയ്ക്ക് അദ്ദേഹം ചോദിച്ചു. അതിന് ശേഷവും പലരും വിളിച്ചു. താന്‍ വ്യാജ ബോര്‍ഡ് വെച്ച് നടക്കുന്നുവെന്നാണ് അവര്‍ പറഞ്ഞത്. തുടര്‍ന്നാണ് പരാതി നല്‍കിയത്.

ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന തന്റെ വണ്ടി നമ്പര്‍ ഒഴിവാക്കണമെന്നും രാജീവ് ആവശ്യപ്പെട്ടു. മെയ് 21നായിരുന്നു ദൃശ്യം 3 റീലീസ് ചെയ്തത്. റീലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ തന്നെ ചിത്രം 200 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. ഈ മാസം പതിനെട്ടിന് ചിത്രം ഒടിടിയില്‍ എത്തുമെന്നാണ് വിവരം. മോഹന്‍ലാലിനൊപ്പം മീന, എസ്തര്‍ അനില്‍, അന്‍സിബ, സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി എന്നിവരും ദൃശ്യം 3യില്‍ എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *