കോഴിക്കോട്: ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കരുതൽ വേണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചു. ചെറിയ അളവ് വെള്ളത്തിൽപ്പോലും ഈഡിസ് കൊതുകുകൾ മുട്ടയിട്ടു പെരുകും. ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടനശീകരണം നടത്തിയാൽ മാത്രമേ പ്രതിരോധം സാധ്യമാകൂ.
പനിയോടൊപ്പം തലവേദന, കണ്ണിനു പുറകിലെ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. കൂടാതെ ശരീരത്തിൽ ചുവന്നുതടിച്ച പാടുകളും ഉണ്ടാകാം. തുടർച്ചയായ ഛർദ്ദി, വയറുവേദന, ശരീരഭാഗങ്ങളിൽനിന്ന് രക്തസ്രാവം, കറുത്തമലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നു തടിക്കൽ, ശരീരം തണുത്തു മരവിക്കുക, തളർച്ച, രക്തസമ്മർദം വല്ലാതെ താഴുക, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ തുടങ്ങിയവ ഡെങ്കിപ്പനിയുടെ അപായസൂചനകളാണ്.
ഡെങ്കിപ്പനി ബാധിതർ പകൽസമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും പൂർണമായും കൊതുകു വലയ്ക്കുള്ളിൽ ആയിരിക്കണം.ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവർക്ക് വീണ്ടും രോഗബാധയുണ്ടായാൽ മാരകമാകുന്നതിനുള്ള സാധ്യത കൂടുതലായതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. പനി പല രോഗങ്ങളുടെയും ലക്ഷണമായതിനാൽ സ്വയം ചികിത്സ ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
