അന്താരാഷ്ട്ര സർവീസുകൾ വിപുലീകരിക്കാനൊരുങ്ങി റിയാദ് എയർലൈൻ

റിയാദ്: അന്താരാഷ്ട്ര സർവീസുകൾ വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി 28 ‘ബോയിങ് 787 ഡ്രീംലൈനർ’ വിമാനങ്ങൾ കൂടി വാങ്ങാനൊരുങ്ങി സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർലൈൻ. യുകെയിൽ നടന്ന പ്രശസ്തമായ ഫാൻബറോ ഇന്റർനാഷണൽ എയർഷോയിലാണ് ഇതുസംബന്ധിച്ച നിർണായക കരാറിൽ ഒപ്പുവെച്ചത്. റിയാദ് എയർലൈൻസ് സിഇഒ ടോണി ഡഗ്ലസും ബോയിങ് കൊമേഴ്‌സ്യൽ എയർപ്ലെയിൻസ് പ്രസിഡന്റും സിഇഒയുമായ സ്റ്റെഫാനി പോപ്പും ചേർന്നാണ് കരാർ ഒപ്പിട്ടത്. പുതിയ കരാറോടെ കമ്പനി ഓർഡർ ചെയ്തിട്ടുള്ള ബോയിങ് ഡ്രീംലൈനർ വിമാനങ്ങളുടെ എണ്ണം 67 ആയി ഉയർന്നു. മുമ്പ് നിശ്ചയിച്ചിരുന്ന ഓപ്ഷനുകളിലെ 20 വിമാനങ്ങളെ, ബോയിങ് ഡ്രീംലൈനർ പരമ്പരയിലെ ഏറ്റവും വലിയ മോഡലായ 787-10 ശ്രേണിയിലേക്ക് മാറ്റാനും ഈ കരാറിലൂടെ തീരുമാനമായിട്ടുണ്ട്.

നിലവിലുള്ള 787-9 മോഡലിനേക്കാൾ 50 സീറ്റുകൾ അധികമുള്ളവയാണ് ബോയിങ് 787-10 വിമാനങ്ങൾ. ഇന്ധന ഉപഭോഗത്തിലും കാർബൺ ഉദ്വമനത്തിലും 25 ശതമാനം വരെ കുറവ് വരുത്താൻ ഇവയ്ക്ക് സാധിക്കും. ഇരു മോഡലുകളിലും ഒരേപോലെയുള്ള കോക്ക്പിറ്റ് ഡിസൈനും സാങ്കേതിക അറ്റകുറ്റപ്പണി രീതികളും ഉള്ളതിനാൽ വിമാനക്കമ്പനിക്ക് പ്രവർത്തനച്ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിയും. കൂടാതെ, ഉയർന്ന കാബിൻ ഹ്യുമിഡിറ്റി ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങൾ യാത്രക്കാർക്ക് കൂടുതൽ സുഖകരമായ യാത്രാനുഭവം ഉറപ്പുനൽകുന്നു.

ബോയിങ് വിമാനങ്ങൾക്ക് പുറമേ എയർബസുമായും റിയാദ് എയർ വലിയ കരാറിലെത്തിയിട്ടുണ്ട്. ആറ് എയർബസ് A350-1000 വിമാനങ്ങൾ കൂടി വാങ്ങാൻ കമ്പനി തീരുമാനിച്ചതോടെ, ഈ വിഭാഗത്തിലുള്ള ആകെ വിമാനങ്ങളുടെ എണ്ണം 25-ൽ നിന്ന് 31 ആയി വർദ്ധിച്ചു. സൗദി അറേബ്യയുടെ വിഷൻ 2030 ലക്ഷ്യമിട്ട്, 2030-ഓടെ ലോകമെമ്പാടുമുള്ള നൂറിലധികം നഗരങ്ങളിലേക്ക് സർവീസ് നടത്താനുള്ള റിയാദ് എയറിന്റെ പദ്ധതികൾക്ക് ഈ പുതിയ വിമാനങ്ങൾ വലിയ കരുത്താകും.

Leave a Reply

Your email address will not be published. Required fields are marked *