ED അന്വേഷണം മന്ത്രിമാരിലേക്കും?

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണം മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയിൽ മാത്രം ഒതുങ്ങില്ലെന്ന് ഇഡി വൃത്തങ്ങൾ. സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയ മുഴുവൻ പേരിലേക്കും അന്വേഷണം നീളുമെന്നും, ഇത് നിലവിലെ മന്ത്രിസഭയിലെ അംഗങ്ങളിലേക്ക് വരെ എത്താൻ സാധ്യതയുണ്ടെന്നും ഇ.ഡി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സിഎംആർഎല്ലിലെ മുഴുവൻ സാമ്പത്തിക ഇടപാടുകളും ഇഡിയുടെ നിരീക്ഷണത്തിലാണ്. പണം എവിടെയൊക്കെ പോയി എന്ന ‘മണി ട്രെയിൽ’ ആണ് പ്രധാനമായും അന്വേഷിക്കുന്നത്. ടി.വീണയ്ക്കും എക്‌സാലോജിക്കിനും പുറമെ പണം കൈപ്പറ്റിയ മറ്റു പ്രമുഖരിലേക്കും അന്വേഷണം നീളും.

പിണറായിയുടെ വീട്ടിലുൾപ്പെടെ നടന്ന റെയ്ഡ് ഒരു തുടക്കം മാത്രമാണെന്ന് ഇഡി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. മാത്രമല്ല ഇഡിയുമായി ബന്ധപ്പെട്ട കുറിപ്പിൽ അടക്കം പറയുന്നത് ഈ സിഎംആർഎൽ നിന്ന് പണം കൈപ്പറ്റിയ മുഴുവൻ പേരിലേക്കും അന്വേഷണം ഉണ്ടാകും എന്നതാണ്. സിഎംആർഎൽ വഴി 132 കോടി രൂപയുടെ വ്യാജ ചെലവുകളും 182 കോടിയോളം രൂപയുടെ സാങ്കൽപ്പിക ഇടപാടുകളും നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഇവയെ ‘കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണം’ എന്ന നിലയിലാണ് ഇഡി കണക്കാക്കുന്നത്. ഇല്ലാത്ത സേവനത്തിന്റെ പേരിൽ എക്‌സാലോജിക്കിലേക്ക് പണം കൈമാറിയത് ശരിയായ നടപടിയല്ലെന്ന് ഇഡി വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *