ദുബായിൽ ലഹരിവസ്തുക്കൾ പ്രചരിപ്പിച്ച 297 വെബ്സൈറ്റുകൾ പൂട്ടിച്ചു

ദുബായ് : ലഹരിവസ്തുക്കളുടെ വിപണനവും പ്രചാരണവും തടയുന്നതിന്റെ ഭാഗമായി ദുബായ് പോലീസ് ശക്തമായനടപടികൾ തുടരുന്നു. ഈവർഷം രണ്ടാം പാദത്തിൽ ലഹരിവസ്തുക്കൾ ഓൺലൈൻ വഴി പ്രചരിപ്പിച്ച 297 വെബ്സൈറ്റുകളാണ് ദുബായ് പോലീസ് ബ്ലോക്ക് ചെയ്തത്. ക്രിമിനൽ അഫയേഴ്‌സ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഹാരിബ് അൽ ഷംസിയുടെ നേതൃത്വത്തിൽ ചേർന്ന പ്രതിമാസ അവലോകന യോഗത്തിലാണ് ഈ കണക്കുകൾ അവതരിപ്പിച്ചത്. ലഹരിക്കടത്ത് തടയുന്നതിന്റെ ഭാഗമായി വിവിധരാജ്യങ്ങളിലെ നിയമപാലകരുമായി 125 ഇന്റലിജൻസ് റിപ്പോർട്ടുകൾ ദുബായ് പോലീസ് പങ്കുവെച്ചു. വിദേശത്ത് ലഹരിക്കടത്തുമായി ബന്ധപ്പെട്ട പ്രതികളെ പിടികൂടാൻ ഈ വിവരങ്ങൾ സഹായകമായി. ഹെമായ ഇന്റർനാഷണൽ സെന്ററിന്റെ നേതൃത്വത്തിൽ 95 ബോധവത്കരണ പരിപാടികൾ നടത്തി. നേരിട്ടും (467,879 പേർ) സാമൂഹികമാധ്യമങ്ങൾ വഴിയുമായി (8,723,327 പേർ) ലക്ഷക്കണക്കിന് ആളുകളിലേക്ക് അവബോധമെത്തിക്കാനായി. ലഹരിയുടെ അപകടങ്ങളെക്കുറിച്ച് കുടുംബങ്ങളിലും സമൂഹത്തിലും മുൻകൂട്ടി അവബോധം സൃഷ്ടിക്കുന്നതിനാണ് കാംപെയ്‌നുകൾ ഊന്നൽനൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *