തൃക്കാക്കര: നഗരസഭ പരിധിയിൽ ദിവസങ്ങളായി മാലിന്യം ശേഖരിക്കാത്തതിൽ പ്രതിഷേധിച്ച് നഗരവാസി. നഗരസഭയുടെ പ്രധാന കവാടത്തിന് മുന്നിൽ മാലിന്യം തള്ളി വീട്ടുടമസ്ഥൻ പ്രതിഷേധം അറിയിച്ചു. തൃക്കാക്കര നഗരസഭയിലെ എൻജിഒ ക്വാർട്ടേഴ്സ് വാർഡിലെ താമസക്കാരനായ സുനിൽ ആണ് നഗരസഭയ്ക്കെതിരെ ഇത്തരമൊരു പ്രതിഷേധവുമായി രംഗത്തെത്തിയത്. സുനിലിന്റെ വീട്ടിൽ നിന്നുള്ള മാലിന്യങ്ങൾ ഒട്ടനവധി ദിവസങ്ങളായി നഗരസഭ അധികൃതർ ശേഖരിക്കുന്നുണ്ടായിരുന്നില്ല. നഗരസഭയിലെ ഭരണകക്ഷി കൗൺസിലർക്കൊപ്പമെത്തിയാണ് സുനിൽ കവാടത്തിന് മുന്നിൽ മാലിന്യം തള്ളിയത്.
മാലിന്യം കെട്ടിക്കിടക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭയിൽ പലതവണ സുനിൽ പരാതികൾ ബോധിപ്പിച്ചിരുന്നു. എന്നാൽ പരാതികളിന്മേൽ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. തുടർച്ചയായി അവഗണന നേരിട്ടതോടെയാണ് എൻജിഒ ക്വാർട്ടേഴ്സ് വാർഡിലെ ഈ പ്രശ്നത്തിൽ ഭരണകക്ഷി കൗൺസിലറുടെ ഒത്താശയോടെ നഗരസഭയുടെ പ്രധാന കവാടത്തിന് മുന്നിൽ തന്നെ മാലിന്യം തള്ളാൻ സുനിൽ തീരുമാനിച്ചത്. നഗരസഭയുടെ മാലിന്യശേഖരണത്തിലെ വീഴ്ച തുറന്നുകാട്ടുന്ന ഈ പ്രതിഷേധം കൗൺസിലറുടെ സാന്നിധ്യത്തിൽ നടന്നത് നഗരസഭയ്ക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
