സംസ്ഥാനത്ത് സംഭരിച്ച നെല്ലിൻറെ പണം 10 ദിവസത്തിനുള്ളിൽ നൽകുമെന്ന് ഉറപ്പ് നൽകി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് സംഭരിച്ച നെല്ലിൻറെ പണം 10 ദിവസത്തിനുള്ളിൽ നൽകുമെന്ന് സർക്കാരിൻറെ ഉറപ്പ് നൽകി. കർഷകർ ഇന്ന് മന്ത്രിമാരുമായി നടത്തിയ ചർച്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത്. കൃഷി,ജലസേചനം ,വനം, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിമാരുമായാണ് കർഷകർ കൂടിക്കാഴ്ച നടത്തിയത്. സഹകരണ ബാങ്ക് വഴി പണം നൽകുന്ന രീതി ഇനിമുതൽ ഉണ്ടാകില്ല. കാനറ ബാങ്ക് , സ്റ്റേറ്റ് ബാങ്ക് വഴി പണം നൽകുമെന്ന് സർക്കാർ കർഷകർക്കു ഉറപ്പ് നൽകി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഭരണം പൂർത്തിയാകാതെ നെല്ല് കെട്ടിക്കിടക്കുന്നതായി കർഷകർ പരാതിപ്പെട്ടിരുന്നു. രണ്ടാം വിളവെടുപ്പിന് ശേഷം സംഭരിച്ച നെല്ലിന്റെ പണം നാല് മാസം കഴിഞ്ഞിട്ടും ലഭിക്കാത്തതിനെ തുടർന്ന് നിരവധി കർഷകർ കടക്കെണിയിലായിരിരുന്നു. അടുത്ത കൃഷിക്കായി നിലമൊരുക്കാനും വളം വാങ്ങാനും ട്രാക്ടർ വാടക നൽകാനും കഴിയാതെ പലിശക്കാർക്ക് മുന്നിൽ വീണ്ടും കൈനീട്ടേണ്ട അവസ്ഥയിലാണ് കർഷകർ. നെല്ല് സംഭരണത്തിന് പുതിയ സർക്കാർ മുൻഗണന നൽകണമെന്ന ആവശ്യവും വിവിധ കർഷക സംഘടനകൾ ശക്തമായി ഉയർത്തിയിട്ടുണ്ട്.

അതേസമയം, നെല്ല് സംഭരണം വേഗത്തിലാക്കുമെന്നും മഴ ശക്തമാകുന്നതിന് മുമ്പ് സംഭരണ നടപടികൾ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കർഷകർക്ക് ലഭിക്കാനുള്ള തുക ഉടൻ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുമെന്നും സഹകരണ ബാങ്കുകൾക്ക് നൽകാനുള്ള തുക മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *