തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനപ്രകാരം ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചത്. അതിനാല്‍ ബുധനാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകള്‍ മുഴങ്ങുന്നതായിരിക്കും. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകൾ ഒഴികെ മറ്റ് എല്ലാ ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്. അടുത്ത നാലുദിവസവും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ് നൽകിയത്.
വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും വെള്ളിയാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ മറ്റ് എല്ലാ ജില്ലകളിലും കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്
