തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിയതായി കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. കേരളം, മാഹി, ലക്ഷദ്വീപ് മുഴുവനായും, അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും ഭൂരിഭാഗം മേഖലകളിലും കാലവർഷം വ്യാപിച്ചു. ജൂൺ 1-നാണ് സാധാരണയായി കേരളത്തിൽ കാലവർഷം ആരംഭിക്കാറുള്ളത്. എന്നാൽ ഇത്തവണ 3 ദിവസം വൈകി ജൂൺ 4നാണ് കാലവർഷം എത്തിയത്.
കാലവർഷം എത്തിയതോടെ കേരളത്തിൽ മഴ ശക്തമായി. ഇന്ന് തൃശ്ശൂർ, എണറാകുളം, ഇടുക്കി കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. മറ്റന്നാൾ തിരുവനന്തപുരവും കൊല്ലവും ആലപ്പുഴയും ഒഴിച്ച് 11 ജില്ലകളിലും ഓറഞ്ച് അലർട്ടാണ്.
ജൂൺ 4 മുതൽ ജൂൺ 9 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദത്തിന്റെ അറിയിപ്പ്. ഈ കാലയളവിൽ ചില പ്രദേശങ്ങളിൽ 7 സെന്റിമീറ്റർ മുതൽ 20 സെന്റിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഈ ആഴ്ച അവസാനത്തോടെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
