പേഴ്‌സനല്‍ സ്റ്റാഫ് നിയമനത്തില്‍ കാപട്യം ഇല്ല: സണ്ണി ജോസഫ്

കണ്ണൂര്‍: പേഴ്‌സനല്‍ സ്റ്റാഫില്‍ സഹോദരിയുടെ ഭര്‍ത്താവിന്റെ നിയമിച്ചതില്‍ നിയമപരമായ തടസ്സമില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. സത്യസന്ധനായ മാതൃകാ പൊതുപ്രവര്‍ത്തകനാണ് ബെന്നി തോമസ് എന്നും സഹോദരീ ഭര്‍ത്താവ് എന്നതല്ല പഴ്‌സനല്‍ സ്റ്റാഫില്‍ നിയമിക്കുന്നതിനുള്ള മാനദണ്ഡമെന്നും സണ്ണി ജോസഫ് പറഞ്ഞു.

‘ബെന്നി തോമസ് മികച്ചൊരു പൊതുപ്രവര്‍ത്തകനാണ്. എന്റെ സഹോദരീ ഭര്‍ത്താവ് എന്നതല്ല മാനദണ്ഡം. ഈ തെരഞ്ഞെടുപ്പില്‍ എന്റെ ചീഫ് ഏജന്റായിരുന്നു. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് തന്നെ ഇങ്ങോട്ട് ശുപാര്‍ശ ചെയ്യുകയായിരുന്നു. രണ്ട് ടേം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കേരളത്തില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിച്ച പഞ്ചായത്ത് അംഗമായിരുന്നു. എല്ലാ പാര്‍ട്ടിക്കാരും ഉള്‍ക്കൊള്ളുന്ന കോളേജ് കമ്മിറ്റി സെക്രട്ടറിയാണ്. നല്ല സത്യസന്ധനായ മാതൃകാ പൊതുപ്രവര്‍ത്തകനായിരുന്നു. നിയമപരമായ തടസ്സമില്ല’, സണ്ണി ജോസഫ് വിശദീകരിച്ചു.

മറ്റെവിടെയെങ്കിലും നിയമിച്ച് പിന്നീട് മാറ്റിയാല്‍ മതിയായിരുന്നല്ലോയെന്ന ചോദ്യത്തിന് അത്തരത്തിലുള്ള കാപട്യത്തിനൊന്നും നിന്നിട്ടില്ല. സഹോദരീ ഭര്‍ത്താവാണെന്ന് പരിചയപ്പെടുത്തിതന്നെയാണ് നിയമനം നടത്തിയതെന്നും സണ്ണി ജോസഫ് പറഞ്ഞു.

രണ്ട് അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 13 പേരെയായിരുന്നു സണ്ണി ജോസഫ് നിയമിച്ചത്. പിന്നാലെ സ്റ്റാഫില്‍ ബന്ധുനിയമനം നടത്തിയതിനെതിരെ എല്‍ഡിഎഫ് രംഗത്തെത്തിയിരുന്നു. നിലവില്‍ കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറിയാണ് ബെന്നി.

Leave a Reply

Your email address will not be published. Required fields are marked *