പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ: മുഖ്യമന്ത്രിയുടെ വാദം തള്ളി കുടുംബങ്ങൾ

കൊച്ചി: മലയിടംതുരുത്ത് പാരിയത്തുകാവിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം തള്ളി കുടുംബങ്ങള്‍. പുനരധിവാസവുമായി ബന്ധപ്പെട്ട് ഒരുചര്‍ച്ചയും നടന്നിട്ടില്ലെന്ന് പാരിയത്തുകാവിലെ നിവാസികള്‍ പറഞ്ഞു. പുനരധിവാസത്തിന് സമ്മതിച്ചെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് തെറ്റാണെന്നും കുടുംബങ്ങള്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചത് ആകാം. പുനരധിവാസം അംഗീകരിക്കില്ല. ഭൂമിയുടെ ഉടമസ്ഥാവകാശം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കും. റീ സര്‍വേ നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നു. നേരത്തെ സര്‍വേ നടത്തി എന്ന് അഭിഭാഷക കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് തെറ്റാണ്. അഭിഭാഷക കമ്മീഷന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണ്’, കുടുംബാംഗങ്ങള്‍ പറഞ്ഞു.

മുഖ്യമന്ത്രി മറ്റെന്തെങ്കിലും താല്‍പര്യത്തിന് പുറത്ത് പറഞ്ഞതാണോ എന്ന് അറിയില്ലെന്നും തങ്ങളുമായി ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും പാരിയത്തുകാവ് നിവാസികള്‍ പറഞ്ഞു. നിയമസഭയിലാണ് കുടുംബം പുനരധിവാസത്തിന് സമ്മതിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ‘മന്ത്രി റോജി എം ജോണിനെയും എംഎല്‍എയെയും ചുമതല ഏല്‍പ്പിച്ചിട്ടുണ്ട്. രമ്യമായി വിഷയത്തില്‍ പരിഹാരമുണ്ടാക്കും. അവര്‍ക്ക് ഭൂമി നല്‍കി വീട് നിര്‍മിച്ച് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അവരെ അറിയിച്ചു. അവര്‍ അംഗീകരിച്ചു’, എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മെയ് 20ന് രാവിലെ എറണാകുളം പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിലെ കുടിയൊഴിപ്പിക്കല്‍ നടപടിയുമായി അധികൃതര്‍ എത്തിയതോടെയാണ് പാരിയത്തുകാവ് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പ്രശ്‌നം വഷളായത്. സുപ്രീംകോടതി നിര്‍ദേശപ്രകാരമായിരുന്നു കുടിയൊഴിപ്പിക്കാന്‍ പൊലീസും അധികൃതരുമെത്തിയത്. പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിലെ എട്ട് കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നത്. അഭിഭാഷക കമ്മീഷന്‍ അഡ്വക്കേറ്റ് ജയപാലിന്റെ നേതൃത്വത്തിലാണ് കുടിയൊഴിപ്പിക്കല്‍ നടപടി ആരംഭിച്ചത്. ഇതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *