തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്നതിനായി രൂപീകരിച്ച പന്ത്രണ്ടാം ശമ്പള പരിഷ്ക്കരണ കമ്മീഷൻ പ്രവർത്തനമാരംഭിച്ചു. മാർച്ച് 25 മുതൽ നിയമസഭാ സെക്രെട്ടറിയേറ്റിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ആസ്ഥാനമാക്കിയാണ് കമ്മീഷൻ പ്രവർത്തനം തുടങ്ങിയത്. മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് ഐ എ എസ് ആണ് കമ്മീഷന്റെ ചെയർമാൻ. ശോഭ വി.ആർ ആണ് കമ്മീഷന്റെ സെക്രട്ടറി. അഡ്വക്കേറ്റ് എം രാജഗോപാലൻ നായർ, ശ്രീലത സുകുമാരൻ എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങൾ. ഒപ്പം തന്നെ ഇതിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ ധനകാര്യ വകുപ്പിൽ നിന്നും വിവിധ ഉത്തരവുകൾ പ്രകാരം 12 ജീവനക്കാരെയും നിയമിച്ചു.
മാത്രമല്ല സർക്കാർ വകുപ്പുകൾ, സർവീസ് സംഘടനകൾ, വ്യക്തികൾ എന്നീ വിഭാഗക്കാരിൽ നിന്നും ശമ്പളം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനായുള്ള വിശദമായ പ്രൊഫോമ കമ്മീഷൻ തയ്യാറാക്കി കഴിഞ്ഞതായാണ് വിവരം. കൂടാതെ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ഉടൻ തന്നെ തയ്യാറാക്കുന്നതിനോടൊപ്പം വിവരം ശേഖരിക്കുന്നതിനുള്ള പ്രൊഫോമയും സംഘടനകൾക്കും പൊതുജനങ്ങൾക്കും ലഭ്യമാവും. റിപ്പോർട്ട് സമർപ്പിക്കുന്നതിനാവശ്യമായ നടപടികൾ പുരോഗമിക്കുകയാണെന്നും കമ്മീഷൻ അറിയിച്ചു.
