സ്വർണക്കൊള്ളയടക്കം തിരിച്ചടിയായി : തെറ്റ് സമ്മതിച്ച് CPIM

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി ഏറ്റുപറഞ്ഞ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പയ്യന്നൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ചയുണ്ടായെന്ന് സമ്മതിച്ചുകൊണ്ടായിരുന്നു പ്രതികരണം.

കണ്ണൂര്‍ ജില്ലാ കമ്മിറ്റി തന്നെ സ്വയം വിമര്‍ശനമായി വിഷയം ഉന്നയിച്ചു. അത് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. വെള്ളാപ്പള്ളി നടേശന്റെ മുസ്‌ലിം വിരുദ്ധ നിലപാടുകളെ ഏറെ ശക്തമായി പ്രതിരോധിച്ചില്ല എന്ന അവബോധം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടുവെന്നും വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശത്തെ പാര്‍ട്ടി തള്ളിപ്പറഞ്ഞത് തന്നെയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. മുസ്‌ലിം വിരുദ്ധ പ്രസ്താവന നേരത്തെ തള്ളിയതാണ്. അതില്‍ ശക്തിയായി ഇടപെടല്‍ നടത്തുന്നതില്‍ പോരായ്മ സംഭവിച്ചു എന്നത് സ്വയം വിമര്‍ശനമായി ഉള്‍ക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ‘വെള്ളാപ്പള്ളി ഉയര്‍ത്തുന്ന വര്‍ഗീയമായ ഒരു നിലപാടിനോടും സിപിഐഎമ്മിന് യോജിപ്പില്ലെന്ന് പറഞ്ഞതാണ്.

വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന ആര്‍ക്കും പിന്തുണ നല്‍കിയിട്ടില്ല. ഞങ്ങള്‍ വേണ്ടത്ര മറുപടി പറഞ്ഞില്ലെന്ന പ്രചാരണത്തിനാണ് മുന്‍തൂക്കം ഉണ്ടായത്.
വ്യക്തിപരമായ വീഴ്ച ഒന്നും പറ്റിയിട്ടില്ല. പയ്യന്നൂരിലേത് ആഴത്തില്‍ പരിശോധിക്കേണ്ട വിഷയമാണ്. സംഘടന തലത്തിലെ വിഭാഗീയത പരിശോധിക്കേണ്ടതുണ്ട്. ടി കെ ഗോവിന്ദനെയും ജി സുധാകരനെയും നയിച്ചത് പാര്‍ലമെന്ററി വ്യാമോഹമാണ്’, അദ്ദേഹം പറഞ്ഞു.

വിനോദിനി കോടിയേരിയുടെ പരാമര്‍ശത്തിലും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. അവര്‍ പറഞ്ഞത് തന്നെ പറ്റി ആകാന്‍ വഴിയില്ലെന്നും
താന്‍ കുറച്ചുദിവസം മുമ്പ് വരെ ആ വീടില്‍ പോയിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

‘വിനോദിനി പറഞ്ഞത് എന്നെപ്പറ്റിയാവാന്‍ സാധ്യതയില്ല. കോടിയേരി മരിച്ച ശേഷം ഒന്നിലധികം തവണ ഞാനവിടെ പോയിട്ടുണ്ട്. കുറച്ചുദിവസം മുമ്പ് വരെ പോയിട്ടുണ്ട്. ഇ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍ എറണാകുളത്ത് ആശുപത്രിയിലാണ്. ഡോക്ടറെയുള്‍പ്പെടെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയതാണ്. പാര്‍ട്ടി നേതാക്കന്മാരുടെ വീടുകളുമായി ബന്ധം പുലര്‍ത്താറുണ്ട്’, അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫ് സര്‍ക്കാരിന് ഒരു നെഹ്‌റുവിയന്‍ നിലപാടുമില്ല. തികഞ്ഞ വലതുപക്ഷ നിലപാട് മാത്രമാണുള്ളത്. എല്ലാ മേഖലയിലും സ്വകാര്യവല്‍ക്കരണം പ്രഖ്യാപിക്കുകയാണെന്നും പാര്‍ട്ടി സെക്രട്ടറി ആരോപിച്ചു.

നടപടിക്ക് വിധേയമായ ഐഎഎസ് ഉദ്യഗസ്ഥരെ തിരിച്ചെടുക്കുന്നു. അവര്‍ സംഘപരിവാര്‍ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുന്നവരാണ്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി ബി അശോകിനെ നിയമിച്ചതിൽ വിമര്‍ശനമുന്നയിച്ച എം വി ഗോവിന്ദന്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ കഴിയുന്ന വകുപ്പില്‍ അദ്ദേഹത്തെ മേധാവിയാക്കിയെന്നും ആരോപിച്ചു. യുഡിഎഫ് അധികാരത്തില്‍ വന്ന് ഇതുവരെ അഞ്ചുപേര്‍ വന്യജീവി ആക്രമണത്തിന് ഇരയായി. എന്നാല്‍ ലാഘവത്തോടെയാണ് മന്ത്രി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മന്ത്രിയെ മാറിയിട്ടുള്ളൂ ആനയും ഉദ്യോഗസ്ഥരും മാറിയിട്ടില്ലെന്നാണ് മന്ത്രി പറഞ്ഞത്. മുനമ്പം വിഷയം 10 ദിവസം കൊണ്ട് പരിഹരിക്കും എന്നാണ് പറഞ്ഞത്. അതില്‍ തൊടാന്‍ പോലും കഴിഞ്ഞിട്ടില്ല. കരുവന്നൂരിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകുകയാണ്. എന്നാല്‍ അവിടെ പാര്‍ട്ടിയെ തന്നെ പ്രതിയാക്കുകയാണ്.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെ ശക്തമായ പ്രതിഷേധം നടത്തേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *