മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമെടുത്ത് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി

‌‌കൊൽക്കത്ത: പുതിയതായി അധികാരമേറ്റ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമെടുത്ത് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. മുതിർന്ന നേതാവും മുൻ രാജ്യസഭാ അം​ഗവുമായ സ്വപൻദാസ് ഗുപ്ത ധനവകുപ്പ് കൈകാര്യം ചെയ്യും. തപസ് റോയ്‍യ്ക്ക് വ്യവസായ വകുപ്പ് ലഭിച്ചു. ശരദ്‍വാത് മുഖർജി ആരോ​ഗ്യവും ദു​ദ് കുമാർ മൊണ്ഡലിന് കൃഷിയും ലഭിച്ചു. മാധ്യമപ്രവ‍ർത്തകൻ കൂടിയായ ജ​ഗന്നാഥ് ചത്തോപാധ്യായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാകും. ദീപക് ബർമൻ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യും.

ടൂറിസം, പാർലമെൻ്ററികാര്യ വകുപ്പുകൾ ശങ്കർ ഘോഷ് വഹിക്കും. അർജുൻ സിങ്ങിന് തൊഴിൽ, ​ഗതാ​ഗത വകുപ്പുകൾ ലഭിച്ചു. സഹമന്ത്രിയായ ഇന്ദ്രനിൽ ഖാൻ കായികം, യുവജന, വാണിജ്യ വകുപ്പുകൾ കൈകാര്യം ചെയ്യും. മറ്റൊരു സഹമന്ത്രിയായ മാലതി റവ റോയ് വനിതാ, ശിശുവികസന വകുപ്പുകൾ വഹിക്കും. ആഭ്യന്തരം, ഭൂപരിഷ്കരണം, ദുരിതാശ്വാസം, ഊ‍ർജം തുടങ്ങിയ വകുപ്പുകൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ആണ് കൈകാര്യം ചെയ്യുന്നത്. മുതി‍ർന്ന നേതാവും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ ദിലിപ് ഘോഷ് പഞ്ചായത്ത്, ​ഗ്രാമവികസന, കൃഷി വിപണനം എന്നീ വകുപ്പുകളാണ് വഹിക്കുന്നത്.

ഇക്കഴിഞ്ഞ ജൂൺ ഒന്നിനാണ് പശ്ചിമ ബം​ഗാളിൽ 35 മന്ത്രിമാർ കൂടി അധികാരമേറ്റത്. ഇതോടെ സുവേന്ദു അധികാരി നേതൃത്വം നൽകുന്ന മന്ത്രിസഭയിലെ അം​ഗസംഖ്യ 41 ആയി. മെയ് ഒൻപതിന് സുവേന്ദു അധികാരിക്കൊപ്പം അഞ്ച് മന്ത്രിമാ‍രാണ് അധികാരമേറ്റിരുന്നത്. മന്ത്രിസഭയിലെ ക്യാബിനറ്റ് മന്ത്രിമാരുടെ എണ്ണം 19 ആണ്. സ്വതന്ത്ര ചുമതലയുള്ള മൂന്ന് സഹമന്ത്രിമാരും 19 സഹമന്ത്രിമാരും മന്ത്രിസഭയിൽ ഉൾപ്പെടുന്നു. ബം​ഗാളിൽ 15 വ‍ർഷം നീണ്ട തൃണമൂൽ കോൺ​ഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ചാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *