ചെന്നൈ: വിവാദ പരാമർശവുമായി തിരുച്ചിറപ്പള്ളി ദേശീയ ലോ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ വി.നാഗരാജ്. ഷോട്സ് ധരിക്കുന്നവർ ലൈംഗികാതിക്രമം ക്ഷണിച്ച് വരുത്തുകയാണെന്നും ശ്രദ്ധയാകർഷിക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് വി.നാഗരാജ് പറഞ്ഞത്. ഇതിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികളും രംഗത്തെത്തി. അനുചിതമായ വസ്ത്രധാരണം ലൈംഗികാതിക്രമത്തിന് കാരണമാകുമെന്നും വിദ്യാർഥികളുടെയും അധ്യാപകരുടെയും ശ്രദ്ധ മാറാൻ ഇടയാക്കുമെന്നുമായിരുന്നു വൈസ് ചാൻസലറുടെ പരാമർശം.
എന്നാൽ വസ്ത്രങ്ങൾക്കല്ല, മാനസികാവസ്ഥയ്ക്കാണ് തകരാർ എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തി വിദ്യാർഥികൾ ക്യാംപസിൽ പ്രതിഷേധം നടത്തി. വിസി പരാമർശം പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം. ക്ലാസ് പ്രതിനിധികളുടെ യോഗത്തിലാണ് വിസി വിവാദ പരാമർശം നടത്തിയത്.
അതേസമയം സ്ഥാപനത്തിന്റെ സൽപേര് കൂട്ടാനുള്ള നിർദേശമാണ് നൽകിയതെന്നാണ് വിസിയുടെ വിശദീകരണം. സ്ഥാപനത്തിന്റെ പ്രശസ്തിക്ക് വസ്ത്രധാരണം കാരണമാണെന്നും അദ്ദേഹം ആവർത്തിച്ചു. 2016ൽ ബെംഗളൂരു നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായിരിക്കെ നാഗരാജ് നടത്തിയ പരാമർശത്തിനെതിരെ വിദ്യാർഥികൾ ഷോട്സ് ധരിച്ച് പ്രതിഷേധിച്ചിരുന്നു. എന്നാൽ, 2016ലെ പരാമർശത്തിൽ അഭിമാനമുണ്ടെന്നാണ് വിസിയുടെ നിലപാടെന്ന് വിദ്യാർഥികൾ ആരോപിച്ചു.
