‘ഇ ഡി ആക്രമണത്തിൽ പാർട്ടി പ്രവർത്തകർ ഇല്ല, എത്തിയത് പിണറായി ആരാധകർ’; വി ജോയ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡിന് പിന്നാലെയുണ്ടായ സിപിഐഎം പ്രതിഷേധത്തിൽ വിശദീകരണവുമായി സിപിഐഎം നേതാവ് വി ജോയ്. പ്രതികളെ ആരെന്ന് കണ്ടുപിടിച്ച് അറസ്റ്റ് ചെയ്യുന്നതിൽ കുഴപ്പമില്ലെന്നും, എന്നാൽ പാർട്ടി ഓഫീസിൽ കയറി അത് നടക്കില്ലെന്നും വി ജോയ് പറഞ്ഞു. ഇതിനകത്ത് പ്രതികൾ ഇല്ല. എസ്എഫ്‌ഐക്കാർ പ്രകടനം നടത്തിവരുമ്പോഴാണ് പ്രകോപനം സൃഷ്‌ടിച്ച്‌ അവർ പ്രതിഷേധത്തിനിടയിൽ കയറുന്നതെന്നും അദ്ദേഹം വിശദമാക്കി.

ഇതിനകത്ത് നിൽക്കുന്നതിൽ ആരും തന്നെ പ്രതികൾ അല്ല. ഞങ്ങൾക്ക് ജീവനുള്ളപ്പോൾ ഒരു പൊലീസുകാരും പാർട്ടി ഓഫീസിൽ കയറില്ല. ഇ ഡി ആക്രമണത്തിൽ ഉണ്ടായിരുന്നത് പാർട്ടി പ്രവർത്തകർ അല്ല. പിണറായിയെ സ്നേഹിക്കുന്ന കമ്മ്യൂണിസ്റ് പാർട്ടിയെ സ്നേഹിക്കുന്ന ആരാധകരാണ്. അല്ലാതെ പാർട്ടി പ്രവർത്തകർ നേരിട്ട് അഹ്വാനം ചെയ്‌തത്‌ അല്ല. ആ വലിയൊരു മോബിനെ ഞങ്ങൾക്ക് തടയാൻ കഴിഞ്ഞില്ല.
ഒരു വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു. അവർ പ്രകോപനം സൃഷ്‌ടിച്ചു. പാർട്ടി പ്രവർത്തകർ വലയൻറ് ആയപ്പോൾ അവരെ നേരത്തെ തന്നെ പാർട്ടി ഓഫീസിലേക്ക് പറഞ്ഞുവിട്ടു. വന്നുകൂടിയ ആളുകൾ പ്രകോപനം ഉണ്ടാക്കി അക്രമം അഴിച്ചിവിട്ടുവെന്നും വി ജോയ് വ്യക്തമാക്കി.

തിരുവനന്തപുരത്തെ പിണറായിയുടെ വീട്ടിൽ നിന്ന് ഇഡി ഉദ്യോഗസ്ഥർ മടങ്ങവേ, ഉദ്യോഗസ്ഥർ സഞ്ചരിച്ച കാറിന്റെ ചില്ലുകൾ പ്രവർത്തകർ അടിച്ച് തകർക്കുകയായിരുന്നു. ഒരു വനിതാ ഉദ്യോഗസ്ഥയടക്കം നാലംഗ ഇഡി ഉദ്യോഗസ്ഥർക്കും എട്ടംഗ സിആർപിഎഫ് സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. പ്രതികൾ പാർട്ടി ഓഫീസിലുണ്ട് അവരെ അറസ്റ്റ് ചെയ്യണമെന്നാണ് പൊലീസ് നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *