കൊൽക്കത്ത: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഇ ഡി നീക്കത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി മഹുവ മൊയിത്ര. ഇഡിയുടെ നടപടി പ്രതിപക്ഷ നേതാക്കൾക്ക് എതിരെ മാത്രമാണെന്ന് പറഞ്ഞ മഹുവ മൊയ്ത്ര ഇഡി സർക്കാരിന്റെ സൈന്യമല്ലെന്നും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നതെന്ന് മനസിലാക്കണമെന്നും പറഞ്ഞു.
“എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇപ്പോൾ പിണറായി വിജയന് നേരെ തിരിഞ്ഞിരിക്കുന്നത് നാണക്കേടാണ്. എന്തുകൊണ്ടാണ് പ്രതിപക്ഷ നേതാക്കൾ മാത്രം എല്ലാ റെയ്ഡുകൾക്കും അന്വേഷണങ്ങൾക്കും വിധേയരാകുന്നത്? എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഞങ്ങളുടെ നികുതിപ്പണം കൊണ്ടാണ് നിങ്ങൾ പ്രവർത്തിക്കുന്നത്. നിങ്ങൾ സർക്കാരിന്റെ സ്വകാര്യ സൈന്യമല്ലെന്ന് ദയവായി ഓർക്കുക”- മഹുവ മൊയ്ത്ര വ്യക്തമാക്കി.
മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് പിണറായി വിജയൻ്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വീടുകളടക്കം 12 ഇടങ്ങളിലാണ് ഇഡി സംഘം റെയ്ഡ് നടത്തിയത്. മുൻ മന്ത്രി മുഹമ്മദ് റിയാസിൻ്റെ കോഴിക്കോട്ടെ വീട്ടിലും ഇഡി റെയ്ഡ് നടത്തി.
തിരുവനന്തപുരത്തെ വീട്ടിലെ റെയ്ഡ് പൂർത്തിയാക്കി വാഹനത്തിൽ മടങ്ങിയ ഇഡി സംഘത്തിനുനേരെ സിപിഎം പ്രവർത്തകരുടെ ആക്രമണം ഉണ്ടായി. ഇഷ്ടികയും കമ്പും ഉപയോഗിച്ച് വാഹനത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ വാഹനത്തിൻ്റെ ഡ്രൈവർക്ക് പരിക്കേറ്റു. ആക്രമണത്തിനിരയായ ഇഡി ഉദ്യോഗസ്ഥർ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചേർന്നു. അക്രമികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.
