റിയാദ്: റിയാദിലെ ബത്ഹയിൽ മലയാളി യുവാവിനെ നിർത്തിയിട്ടിരുന്ന വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പാണ്ടിക്കാട് പന്തല്ലൂർ സ്വദേശി ഷിന്റോ ചാക്കോ (40) ആണ് മരിച്ചത്. റിയാദിൽ വിജയ് മസാല കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരമായിട്ടും ഷിന്റോയെ ഫോണിൽ ലഭിക്കാതാവുകയും താമസസ്ഥലത്ത് എത്താതിരിക്കുകയും ചെയ്തതോടെ സുഹൃത്തുക്കളും കമ്പനി അധികൃതരും ചേർന്ന് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ബത്ഹയിൽ പാർക്ക് ചെയ്തിരുന്ന കമ്പനി വാഹനത്തിനുള്ളിൽ ഇദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ റെഡ് ക്രസന്റ് വിഭാഗത്തെ വിവരമറിയിച്ചു. അവർ സ്ഥലത്തെത്തി പരിശോധിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. കമ്പനി അധികൃതർ സൗദി കെഎംസിസി സെക്രട്ടേറിയറ്റ് അംഗം കെ കെ കോയാമു ഹാജിയുമായി ബന്ധപ്പെട്ടതിനെ തുടർന്ന് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കെഎംസിസി പ്രവർത്തകർ രംഗത്തുണ്ട്. റിയാദ് കെഎംസിസി വെൽഫെയർ വിങ് വൈസ് ചെയർമാൻ ഷറഫു പുളിക്കൽ, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, കൺവീനർ റിയാസ് തിരൂർക്കാട് എന്നിവരുടെ മേൽനോട്ടത്തിൽ കെഎംസിസി ഭാരവാഹികളായ നസീർ കണ്ണീരി, ഹാഷിം തോട്ടത്തിൽ, ജാഫർ വീമ്പൂർ, അബ്ദുറഹ്മാൻ ചേലേമ്പ്ര എന്നിവരും കമ്പനി പ്രതിനിധികളായ അക്ഷയ്, സന്തോഷ് എന്നിവരും ആവശ്യമായ സഹായങ്ങളുമായി ഒപ്പമുണ്ട്.
