സൗദിയിലേക്ക് ലബനാൻ ഉൽപന്നങ്ങളുടെ കയറ്റുമതി പുനരാരംഭിക്കാം, അനുമതി നൽകി സൗദി കിരീടാവകാശി

റിയാദ്: സൗദി അറേബ്യയിലേക്ക് ലബനാനിൽ നിന്നുള്ള ഉൽപന്നങ്ങളുടെ കയറ്റുമതി പുനരാരംഭിക്കാൻ അനുമതി നൽകി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്. കിരീടാവകാശിയുടെ തീരുമാനം സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ലബനാൻ പ്രധാനമന്ത്രി ഡോ.നവാഫ് സലാമിനെ അറിയിച്ചു. കഴിഞ്ഞ ഒരു വർഷമായി ലബനാനിലെ വിദഗ്ദ്ധ സമിതികൾ കൈവരിച്ച പുരോഗതി, ഭരണഘടനാ സ്ഥാപനങ്ങൾ പുനർനിർമിക്കുന്നതിനായി ലബനാൻ സർക്കാർ സ്വീകരിച്ച നടപടികൾ, സൗദി ആവശ്യപ്പെട്ട സുരക്ഷാ വാ​ഗ്ദാനങ്ങൾ നടപ്പാക്കാൻ ലബനാൻ കാണിച്ച സഹകരണം, എന്നിവയാണ് നിരോധനം പിൻവലിക്കാൻ കാരണമായത്

രാജ്യം കൈവരിച്ച പുരോ​ഗതി ചൂണ്ടിക്കാട്ടി ലബനാൻ പ്രസിഡന്റ് ജോസഫ് ഔൺ, പ്രധാനമന്ത്രി ഡോ. നവാഫ് സലാം എന്നിവരുടെ അഭ്യർഥന കിരീടാവകാശി അം​ഗീകരിക്കുകയായിരുന്നു. ലബനാന്റെ പരമാധികാരത്തിനും സുരക്ഷിതത്വത്തിനും ജനങ്ങളുടെ ക്ഷേമത്തിനും സൗദിയുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കി. അയൽരാജ്യങ്ങൾക്ക് ദോഷം ചെയ്യുന്ന രീതിയിൽ ലബനാന്റെ മണ്ണ് ഉപയോഗിക്കാതിരിക്കാൻ ലബനാൻ സർക്കാർ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ തുടർന്നും സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *