ദുബൈ: സർക്കാർ സ്ഥാപനങ്ങളിൽ ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കുന്നതിനും സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ‘ഇഖാം ജിപിടി’ അവതരിപ്പിച്ച് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ). ജീവനക്കാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ആദ്യത്തെ ആഭ്യന്തര ജനറേറ്റീവ് എ.ഐ പ്ലാറ്റ്ഫോമാണിത്. സർക്കാർ സ്ഥാപനങ്ങളിൽ ഇത്തരം സംവിധാനങ്ങൾ നടപ്പിലാക്കുന്നതിലൂടെ ജീവനക്കാരുടെ ഡിജിറ്റൽ പരിവർത്തനം കൂടിയാണ് അധികൃതർ ലക്ഷ്യമിടുന്നത്.
ജനറൽ ഡയറക്ടറേറ്റിന്റെ ഡിജിറ്റൽ സർവീസസ് സെക്ടറാണ് ഈ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. കണ്ടന്റ് ക്രിയേഷനും മെച്ചപ്പെടുത്തലും, ഡോക്യുമെന്റുകളുടെ സംഗ്രഹം, ഡാറ്റ എക്സ്ട്രാക്ഷൻ, ആശയ രൂപീകരണം, അറബിക് – ഇംഗ്ലീഷ് ഭാഷകളിലെ കണ്ടന്റ് ക്രിയേഷൻ, സാങ്കേതിക വിവരങ്ങൾ ലളിതമാക്കൽ എന്നിങ്ങനെ ജീവനക്കാരുടെ ജോലികൾ എളുപ്പമാക്കുന്നതിനായി നിരവധി സൗകര്യങ്ങളാണ് പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഭാവി സാങ്കേതികവിദ്യകൾ സ്വീകരിച്ച് സർക്കാർ പ്രവർത്തന രംഗത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് ഇഖാം ജിപിടി അവതരിപ്പിച്ചതെന്ന് ഡിജിറ്റൽ സർവീസസ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ കേണൽ ഖാലിദ് ബിൻ മദിയ അൽ ഫലാസി പറഞ്ഞു. ജീവനക്കാരുടെ പ്രകടനവും ഉൽപാദനക്ഷമതയും ഉയർത്താൻ സഹായിക്കുന്ന സ്മാർട്ട് എ.ഐ സംവിധാനങ്ങൾ സ്വീകരിക്കുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി.
