തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിൽ സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാക്കുന്നതിൽ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍. ബജറ്റില്‍ ഉള്‍പ്പടെ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ സര്‍വീസ് നിർത്തി സമരം നടത്തുമെന്ന് ബസ് ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ അറിയിച്ചു.
സ്ത്രീ യാത്രക്കാര്‍കൂടി ഇല്ലെങ്കില്‍ സര്‍വീസ് നടത്താന്‍ കഴിയില്ലെന്ന് ഉടമകള്‍ പ്രതികരിച്ചു. വന്‍ നഷ്ടമാണ് സഹിക്കേണ്ടി വരുക. സ്വകാര്യ ബസ് മേഖലയെ തകര്‍ക്കുന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. സര്‍വീസ് നിര്‍ത്തിയാല്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിച്ചിട്ട് 15 വര്‍ഷമായി. ബജറ്റില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നുവെന്നും അസോസിയേഷൻ ഭാരവാഹികള്‍ പറഞ്ഞു.
ഈ മാസം 19 ന് ശേഷം ബസുടമകളുടെ സംയുക്ത യോഗം ചേരും. മേഖലയെ സംരക്ഷിക്കുന്ന തീരുമാനമുണ്ടായില്ലെങ്കില്‍ ബജറ്റിന് ശേഷം സ്വകാര്യ ബസ് പണിമുടക്കുണ്ടാകും. കൂടാതെ, മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അവര്‍ പറഞ്ഞു. സര്‍ക്കാര്‍ പറഞ്ഞ പൈസക്കാണ് സ്വകാര്യ ബസുകള്‍ ഓടുന്നതെന്നും അവർ പ്രതികരിച്ചു. മാത്രമല്ല, ഇന്‍ഷുറന്‍സ് സര്‍ക്കാര്‍ ഏറ്റെടുക്കണം. ബസ് സ്റ്റാന്റുകളിലെ ഫീസ് ഒഴിവാക്കണം. വിദ്യാര്‍ഥി യാത്രാ നിരക്ക് വര്‍ധന, പൊതു യാത്രക്കാരുടെ നിരക്ക് വര്‍ധന, ഡീസല്‍ സബ്‌സിഡി, ഇന്‍ഷുറന്‍സ് ഇളവ് എന്നിവ പാക്കേജില്‍ വേണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു.
