മെട്രോ തൂണുകൾക്കരികിലെ റോഡിലെ നിരപ്പ് വ്യത്യാസം, അടിയന്തര പരിഹാരം വേണം: ഹൈക്കോടതി

കൊച്ചി: കൊച്ചി മെട്രോ തൂണുകൾക്കരികിൽ റോഡുകളിൽ രൂപപ്പെട്ടിരിക്കുന്ന നിരപ്പ് വ്യത്യാസത്തിൽ അടിയന്തര പരിഹാരം വേണമെന്ന് ഹൈക്കോടതി നിർദേശം. അപകട സാധ്യതയുള്ള ഇടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് സൗമേൻ സെൻ, ജസ്റ്റിസ് വിഎം ശ്യാംകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ് . മെട്രോ പൈൽ ക്യാപ്പുകൾക്ക് സമീപമുള്ള റോഡുകൾ ചില ഇടങ്ങളിൽ ഉയർന്നും താഴ്ന്നും നിലനിൽക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നതായി ഹർജിയിൽ ചൂണ്ടിക്കാട്ടി.

ഇത്തരം സ്ഥലങ്ങളിൽ പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രികർക്കാണ് കൂടുതൽ അപകട ഭീഷണിയുള്ളതെന്നും, ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നുവെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് കോടതി നിർദേശിച്ചു. മെട്രോ പാതയോടനുബന്ധിച്ച റോഡുകളുടെ സുരക്ഷാ ഓഡിറ്റ് നടത്താൻ കൊച്ചി കോർപ്പറേഷൻ സാങ്കേതിക സമിതിയെ നിയോഗിക്കണമെന്നും, റോഡുകൾ പൂർവസ്ഥിതിയിലാക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണമെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *