തിരുവനന്തപുരം: വധശ്രമക്കേസില്‍ അറസ്റ്റ് ചെയ്ത തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍ സുഗതനെ ന്യായീകരിച്ച് ആര് ശ്രീലേഖ. പത്ത് വര്‍ഷത്തെ സിപിഐഎം ദുര്‍ഭരണത്തില്‍ കേരളത്തിലാകെ ഉണ്ടായ സ്റ്റേറ്റ് സ്പോര്‍ണ്‍സേര്‍ഡ് ഗുണ്ടാ വിളയാട്ടത്തെ ധൈര്യപൂര്‍വ്വം ചെറുത്തുനിന്ന യുവാവ് ആണ് സുഗതന് എന്ന് ശ്രീലേഖ പറഞ്ഞു. വട്ടിയൂര്‍ക്കാവിലെ അനധികൃത പ്രവര്‍ത്തികളെ ചോദ്യം ചെയ്യുകയും നാട്ടുകാര്‍ക്ക് വേണ്ടി പൊരുതി നില്‍ക്കുകയും ചെയ്തതുകൊണ്ടാണ് സുഗതനെതിരെ ഇത്രയധികം കേസുകള്‍ പൊലീസ് എടുത്തത്. ഇതെല്ലാം സിപിഐഎം നേതാക്കളുടെ ആജ്ഞപ്രകാരം ആണെന്നും ആര് ശ്രീലേഖ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാണെന്ന് അറിഞ്ഞപ്പോള്‍ തനിക്കെതിരെ രണ്ട് കള്ളക്കേസുകള്‍ എടുത്തു. സിപിഐഎം നേതാക്കള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഒരു നാടകമാണ് സുഗതന്റെ വീടിന് മുന്നില്‍ അരങ്ങേറിയത്. കാപ്പ പ്രതിയെ ഒരു ലോക് മാഫിയ തലവനെയോ തീവ്രവാദിയെയോ പിടിക്കുന്നതുപോലെയൊന്നും പൊലീസ് ഇതുവരെ ചെയ്തിട്ടില്ലെന്നും ശ്രീലേഖ കുറ്റപ്പെടുത്തി.
സംഭവ ദിവസം ആകാശത്തേക്ക് വെടിയുതിര്‍ത്ത എസ്എച്ച്ഒ വിപിന്‍ ഒരു കമ്മ്യൂണിസ്റ്റ് പൊലീസ് ആണെന്ന് ആര്‍ക്കാണ് അറിയാത്തതെന്നും ആര് ശ്രീലേഖ ചോദിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് അയാളെ ചെങ്ങന്നൂരില്‍ നിന്നും വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനില്‍ പ്രത്യേകമായി നിയമിച്ചത് അവിടെ മൂന്നാം വട്ടവും വി കെ പ്രശാന്തിനെ ജയിപ്പിക്കുകയെന്ന ഉദ്ദേശത്തിനാണെന്നും ശ്രീലേഖ ആരോപിച്ചു. അക്കാര്യം ആഭ്യന്തര മന്ത്രിക്ക് അറിയില്ലെന്നും ആരോഗ്യമന്ത്രിക്ക് അറിയാമെന്നും ശ്രീലേഖ പറയുന്നു.
