തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥിനികൾക്കായി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റി പദ്ധതി ഈ അധ്യയന വർഷത്തിൽ തന്നെ നടപ്പിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ പറഞ്ഞു. പെൺകുട്ടികൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതിയുടെ പ്രാഥമിക നടപടികൾ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ച അഞ്ച് ഗ്യാരണ്ടികളും നടപ്പിലാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇതിന്റെ ഭാഗമായാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പെൺകുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിക്ക് തുടക്കമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് നാലുവർഷ ബിരുദ കോഴ്സുകൾ നടപ്പിലാക്കിയതിൽ പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൃത്യമായ തയ്യാറെടുപ്പുകൾ കൂടാതെയാണ് പദ്ധതി നടപ്പിലാക്കിയത് എന്ന തരത്തിലുള്ള ആക്ഷേപങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ഇത് സർവ്വകലാശാലകളെയും അധ്യാപകരെയും വിദ്യാർത്ഥികളെയും ഒരുപോലെ പ്രയാസത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു .ഈ സാഹചര്യത്തിൽ നാലുവർഷ ബിരുദ കോഴ്സിനെക്കുറിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കും. സമിതി നൽകുന്ന നിർദ്ദേശങ്ങൾ സ്വീകരിച്ച് കോഴ്സിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
