ആര്യാ രാജേന്ദ്രനുമായി വഴിയിൽ തർക്കമുണ്ടായ യദുവിന് നിയമനം നൽകി UDF സർക്കാർ

തിരുവനന്തപുരം: മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനുമായി വഴിയില്‍ തര്‍ക്കമുണ്ടായ സംഭവത്തിൽ ജോലി നഷ്ടമായ കെഎസ്ആര്‍ടിസിയിലെ താൽക്കാലിക ഡ്രൈവറായിരുന്ന യദുവിന് നിയമനം നല്‍കി യുഡിഎഫ് സര്‍ക്കാര്‍. നിയമസഭയിലെ ബസിലാണ് താല്‍ക്കാലിക നിയമനം നല്‍കിയത്. ജീവനക്കാരെ കൊണ്ടുപോകുന്ന ബസ്സിന്റെ ഡ്രൈവറായാണ് നിയമനം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നല്‍കുകയായിരുന്നു. ഇന്നലെ മുതല്‍ യദു ജോലിയില്‍ പ്രവേശിച്ചു.

എന്നാല്‍ ആര്യയുമായുള്ള പ്രശ്നമല്ല യദുവിനെ പുറത്താക്കാനുള്ള കാരണമെന്ന് അന്നത്തെ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. യദു താല്‍ക്കാലിക ഡ്രൈവര്‍ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ‘യദു തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്രയില്‍ തുടര്‍ച്ചയായി ആറ് മണിക്കൂര്‍ ഇയര്‍ ഫോണ്‍ വെച്ച് ഒരാളോട് ഫോണില്‍ സംസാരിച്ചു. ഇക്കാര്യം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ കോള്‍ ഡീറ്റെയില്‍സ് സഹിതം കെഎസ്ആര്‍ടിസി സിഎംഡിക്ക് സമര്‍പ്പിച്ചു. തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്’, ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.

2024 ഏപ്രില്‍ 27നാണ് ബസ് തടഞ്ഞ സംഭവം നടക്കുന്നത്. പാളയത്ത് വെച്ച് രാത്രി ആര്യയും ഭര്‍ത്താവ് സച്ചിന്‍ദേവുമടക്കം സഞ്ചരിച്ച സ്വകാര്യ വാഹനം വെച്ച് കെഎസ്ആര്‍ടിസി ബസ് തടയുകയും യദുവുമായി വാക്ക് തര്‍ക്കമുണ്ടാവുകയുമായിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന ആര്യയുടെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *