കൻ്റോൺമെന്റ് ഹൗസ് ഒഴിഞ്ഞ് നൽകാതെ മുഖ്യമന്ത്രി; അതൃപ്തി പ്രകടിപ്പിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരു മാസത്തിലേറെ പിന്നിട്ടിട്ടും പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞ് കിട്ടാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വാർത്താ സമ്മേളനത്തിൽ വെച്ചാണ് കന്റോൺമെന്റ് ഹൗസ് ഇതുവരെ ഒഴിഞ്ഞ് തന്നില്ലെന്ന് പിണറായി പറഞ്ഞത്. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള ഔദ്യോഗിക വസതിയും ഓഫീസ് സംവിധാനങ്ങളും സമയത്തിന് ലഭ്യമാകാത്തതിനെ തുടർന്ന് എകെജി സെന്ററിൽ വാർത്താസമ്മേളനം നടത്തേണ്ടി വന്ന സാഹചര്യത്തിലാണ് അദ്ദഹം തന്റെ പ്രതിഷേധം വ്യക്തമാക്കിയത്.

താൻ ആകാവുന്ന അത്രയും വേഗത്തിൽ ക്ലിഫ് ഹൗസ് ഒഴിഞ്ഞ് നൽകിയിരുന്നു. എന്നാൽ തനിക്ക് ലഭിക്കേണ്ട കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞ് നൽകാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. മുഖ്യമന്ത്രി എപ്പോൾ ക്ലിഫ് ഹൗസിലേക്ക് പോകുമെന്ന് അറിയില്ല. അറ്റകുറ്റ പണി ഇവിടെയും വേണ്ടി വരുമല്ലോ എന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ജനാധിപത്യ മര്യാദകൾ മുൻനിർത്തി പിണറായി വിജയൻ പെട്ടെന്ന് തന്നെ ക്ലിഫ് ഹൗസ് പൂർണ്ണമായും ഒഴിഞ്ഞിരുന്നു. കന്റോൺമെന്റ് ഹൗസ് വി ഡി സതീശൻ ഒഴിഞ്ഞ് നൽകാത്തതിനെ തുടർന്ന് തിരുവനന്തപുരത്തെ താൽക്കാലിക വാടക വീട്ടിലാണ് അദ്ദേഹം ഇപ്പോൾ കഴിയുന്നത്.

പുതിയ മുഖ്യമന്ത്രി വി.ഡി. സതീശൻ എപ്പോൾ ക്ലിഫ് ഹൗസിലേക്ക് താമസം മാറുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. വസതി ഒഴിഞ്ഞാലും പുതിയ ആളുകൾ കയറുന്നതിന് മുൻപ് അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ട്. കന്റോൺമെന്റ് ഹൗസിലും സമാനമായ രീതിയിൽ അറ്റകുറ്റപ്പണികൾ ആവശ്യമായി വരുമെന്നതിനാൽ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്കുള്ള മാറ്റം ഇനിയും നീളാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *