ഡല്‍ഹിയിലെ തീപിടിത്തതിന് പിന്നില്‍ ഗുഢാലോചന; 17കാരി അടക്കം നാല് പേർ പിടിയില്‍

ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ തുഗ്ലഖാബാദിലുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട 17കാരി അടക്കം നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 33കാരനായ നിരഞ്ജന്‍, ഇയാളുടെ സഹോദരന്‍ രാജ്കുമാര്‍(27), സരിത(27) എന്നിവരാണ് പൊലീസ് പിടിയിലായ മറ്റ് മൂന്ന് പേര്‍. ബന്ധുക്കൾ തമ്മിലുള്ള സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുണ്ടായ പ്രശ്‌നമാണ് തീപിടിത്തത്തിലേക്ക് നയിച്ചത്. സരിതയും 17കാരിയായ പെണ്‍കുട്ടിയും പ്രതികളായ സഹോദരന്മാരുമായി പ്രണയത്തിലായിരുന്നു.

ജൂണ്‍ 12ന് അര്‍ധരാത്രി തീപിടിച്ച കെട്ടിടത്തിന് താഴെയായി പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറിന് തീയിട്ടത് താനാണെന്ന് 17കാരി സമ്മതിച്ചിട്ടുണ്ട്. പിന്നാലെ തീ ആളിപ്പടര്‍ന്ന് കെട്ടിടത്തിലേക്ക് തീ വ്യാപിക്കുകയാണ് ഉണ്ടായത്. മൂന്ന് പേരാണ് തീപിടിത്തത്തിൽ മരിച്ചത്.
പങ്കജ്, സുശീലാ ദേവി, സോണിയ കുമാരി എന്നിവരാണ് ചികിത്സയിലിരിക്കെ മരിച്ചത്. കെട്ടിടത്തില്‍ ഷോര്‍ട്ട്‌ സര്‍ക്യൂട്ട് മൂലമോ മറ്റോ തീപിടിച്ച് അപകടമുണ്ടായതാകാം എന്നായിരുന്നു സംശയിച്ചിരുന്നത്. എന്നാല്‍ തീപിടിത്തത്തിന് തൊട്ടുമുമ്പ് ഒരു പെണ്‍കുട്ടി കെട്ടിടത്തിലേക്ക് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതാണ് വഴിത്തിരിവായത്.

സരിതയാണ് പെട്രോളും തീപ്പെട്ടിയും നല്‍കി തന്നെ സ്‌കൂട്ടര്‍ കത്തിക്കാന്‍ നിര്‍ബന്ധിച്ചതെന്ന് പെണ്‍കുട്ടി ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി. ഇവിടെ താമസിച്ചിരുന്ന ദീപക്കും പ്രതികളിലൊരാളായ നിരഞ്ജനും തമ്മിലാണ് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നത്. നിരഞ്ജന്‍ മറ്റൊരു കേസില്‍പ്പെട്ട് ജയിലിലായിരുന്നു. അടുത്തിടെയാണ് അയാള്‍ ജയില്‍ മോചിതനായത്. ക്രിമിനല്‍ ഗൂഢാലോചന, മനപ്പൂര്‍വമുള്ള നരഹത്യ, കൊലപാതക ശ്രമം, അനധികൃത കടന്നുകയറ്റം തുടങ്ങിയ കുറ്റങ്ങളാണ് പ്രധാന പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *