തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇറക്കിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ സ്ഥലമാറ്റ പട്ടികയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികൾ ഇന്ന് ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ ചർച്ച ചെയ്യും. വിജിലൻസ് അന്വേഷണം നേരിടുന്നവരെയും ആരോപണ വിധേയരെയും പ്രധാന തസ്തികളിൽ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ ബോർഡിന് കത്ത് നൽകിയിരുന്നു. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ദേവസ്വം എംപ്ലോയിസ് ഫ്രണ്ടും പരാതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ദേവസ്വം ബോർഡിന്റെ യോഗത്തിൽ സുപ്രധാന തീരുമാനങ്ങളുണ്ടാകുമോ എന്നത് കണ്ടറിയണം.
അതേസമയം നിലവിൽ ഇറക്കിയ ഉത്തരവ് പുനഃപരിശോധിച്ചാലുണ്ടാകുന്ന നിയമപ്രശ്നങ്ങളും ബോർഡിന് മുന്നിലുണ്ട്. വെള്ളിയാഴ്ച ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇന്നലെ സ്ഥലംമാറ്റപ്പെട്ടവർ ചുമതലകള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇവരെ ദിവസങ്ങള്‍ക്കുള്ളിൽ മാറ്റിയാലുള്ള നിയമപ്രശ്നങ്ങളെ കുറിച്ച് നിയമോപദേശം ബോർഡ് തേടിയിട്ടുണ്ട്. സർക്കാരുമായി ഏറ്റമുട്ടലില്ലാതെ പ്രശ്നം പരിഹരിക്കണമെന്നാണ് ദേവസ്വം പ്രസിഡന്റ് കെ. ജയകുമാറിന്റെ നിലപാട്. അതേസമയം രണ്ട് ഇടത് ബോർഡ് അംഗങ്ങളുടെ നിലപാട് നിർണായകമാണ്. പരാതികളിൽ മാറ്റമുണ്ടായില്ലെങ്കിൽ സർക്കാരും ബോർഡും തമ്മിലുള്ള തർക്കം രൂക്ഷമാകാനും ഇടയുണ്ട്.
