തൃശൂർ: വീണ്ടും ബന്ധുനിയമന വിവാദത്തിൽപ്പെട്ട് കോൺഗ്രസ്. കോൺഗ്രസ് നേതാവും എംപിയുമായ ഹൈബി ഈഡൻ്റെ ഭാര്യയെ തൃശൂർ കോർപ്പറേഷൻ്റെ സ്റ്റാൻഡിങ് കൗൺസിലാക്കാനുള്ള നീക്കമാണ് നടക്കുന്നത്. തൃശൂരിലെ കോൺഗ്രസ് നേതാക്കളായ അഭിഭാഷകരെ തള്ളിയാണ് പുതിയ നീക്കം. നിലവിലെ 25 അംഗ പാനൽ 29 ആക്കി വിപുലീകരിച്ചാണ് അഡ്വക്കേറ്റ് അന്ന ലിൻഡ ഈഡനെ നിയമിക്കുന്നത്. മെയ് 26ന് 25 പേരെ നിയമിച്ചത് ഇതിന് പിന്നാലെയാണ് അന്നയെ നിയമിക്കാൻ പാനൽ വിപുലീകരിച്ചത്.
ഡിസിസി അംഗങ്ങൾ പണം വാങ്ങിയാണ് കൗൺസിൽമാരുടെ എണ്ണം വർധിപ്പിച്ചതെന്ന് കോൺഗ്രസിനുള്ളിൽ നിന്നു തന്നെ ആരോപണം ഉയരുന്നുണ്ട്. ഇനി വരുന്ന കോർപ്പറേഷൻ യോഗത്തിൽ 39ാമത് അജൻഡയായി അന്നലിൻഡ ഈഡൻ്റെ നിയമനം ഉൾപ്പെടുത്തിയിട്ടുണ്ട്. അജണ്ടയുടെ പകർപ്പും പുറത്തുവന്നിട്ടുണ്ട്.
